സിഡ്നി: രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ ബാലരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ച ചടങ്ങിന് ശേഷം ജനങ്ങളെ കാണാനായി രാംലല്ല മിഴി തുറന്നിരിക്കുകയാണ്. ശ്രീരാമ ജന്മഭൂമി ഇന്ന് ചരിത്രത്തിന് സാക്ഷ്യം വഹിച്ചപ്പോൾ അയോദ്ധ്യയിലെ നിവാസികൾ മാത്രമല്ല രാജ്യത്തിലെ ഓരോ കോണിലുമുള്ള ഭക്തരും പ്രൗഢ ഗംഭീരമായ ആഘോഷങ്ങളിൽ പങ്കുചേർന്നിരിക്കുകയാണ്. ദശരഥരപുത്രനെ വരവേൽക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.

ഭാരതത്തിന്റെ വിവിധ കോണിൽ നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രമുഖ വ്യക്തികളടക്കം നിരവധി പേരാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സാമൂഹ മാധ്യമ ഇൻഫ്‌ളുവൻസറും പ്രശസ്ത ഡാൻസുകാരനും ആഫ്രിക്കൻ രാജ്യക്കാരനുമായ കിലി പോളും ശുഭദിനത്തിൽ സന്തോഷം പങ്കുവച്ചിരുന്നു.

അതിനിടെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ താരം ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠയെ പിന്തുണച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ പോസ്റ്റുമായെത്തിയത്. വാർണർക്ക് ഇന്ത്യൻ പൗരത്വം നൽകൂവെന്ന് ആരാധകർ കമന്റ് ബോക്സിൽ ആവശ്യപ്പെടുന്നുണ്ട്. യഥാർത്ഥ ഇന്ത്യൻ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകൾ.

ഇന്ത്യയിൽ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയൻ താരം ഡേവിഡ് വാർണർക്ക്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാർണർ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം സന്തോഷം പങ്കുവെക്കാറുണ്ട് താരം. ഇന്ത്യൻ സിനിമകൾ പിന്തുടരുന്ന അദ്ദേഹം തെന്നിന്ത്യൻ താരം അല്ലു അർജുന്റെ കടുത്ത ആരാധകനുമാണ്. അല്ലുവിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അദ്ദേഹം അനുകരിക്കാറുമുണ്ട്.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയപ്പോഴും വാർണർ അത്തരത്തിൽ ആഘോഷിക്കാൻ മറന്നില്ല. വായുവിൽ ഉയർന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓർത്തു. പുഷ്പ സെലിബ്രേഷനാണ് വാർണർ നടത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസിന്റെ ക്യാപ്റ്റനാണ് വാർണർ. റിഷഭ് പന്ത് പരിക്കിന്ശേഷം തിരിച്ചെത്തിയാൽ നായകസ്ഥാനം ഒഴിയും. പന്ത് തിരിച്ചെത്തുമെന്ന് ടീമിന്റെ പരിശീലകരിൽ ഒരാളായ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിനെ ഐപിഎല്ലിലെ ഏക കിരീടം നേടിയതും വാർണർക്ക് കീഴിലാണ്.