ഇസ്ലാമാബാദ്: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ വൈകാരികമായി പ്രതികരിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. രാംലല്ലയുടെ ചിത്രം അടക്കം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഡാനിഷ് കനേരിയ, നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിച്ചതെന്നും പ്രതികരിച്ചു.

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, മുൻ നായകൻ അനിൽ കുംബ്ലെ, മുൻ പേസർ വെങ്കടേഷ് പ്രസാദ്, ഇ്ന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തുടങ്ങിയവരൊക്കെ ചടങ്ങിനെത്തിയിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ പ്രതിഷ്ഠാ ചടങ്ങിന് ആശംസയുമായെത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ സ്പിന്നറും ഇന്ത്യൻ വംശജനുമായ കേശവ് മഹാരാജും പ്രതിഷ്ഠാ ചടങ്ങിന് ആശംസകൾ നേർന്നു.

എന്നാൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടത് മറ്റൊരു ആശംസയായിരുന്നു. പാക്കിസ്ഥാനിൽ നിന്നായിരുന്നു അത്. അതും മുൻ സ്പിന്നർ ഡാനിഷ് കനേരിയ. "നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി, വാഗ്ദാനം നിറവേറ്റപ്പെട്ടു, പ്രാണ പ്രതിഷ്ഠ പൂർണമായി." കനേരിയ കുറിച്ചിട്ടു. അനിൽ ദൽപതിനു ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിച്ച ഏക ഹിന്ദു മത വിശ്വാസിയാണ് ഡാനിഷ് കനേരിയ.

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും ശ്രീരാമന്റെ ചിത്രം പങ്കിട്ട് 'ജയ് ശ്രീ റാം' എന്ന കുറിപ്പോട്ടെ ചിത്രം പങ്കിട്ടു. ആശംസകൾ നേർന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

https://www.instagram.com/p/C2ZzGl9rVQT/?utm_source=ig_web_copy_link ശ്രീരാമന്റെ ചിത്രം പങ്കിട്ടായിരുന്നു വാർണറുടെ കുറിപ്പ്. 'ജയ് ശ്രീ റാം ഇന്ത്യ'- എന്നായിരുന്നു വാർണർ പോസ്റ്റ് ചെയ്തത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ പോസ്റ്റുമായെത്തിയത്. വാർണർക്ക് ഇന്ത്യൻ പൗരത്വം നൽകൂവെന്ന് ആരാധകർ കമന്റ് ബോക്‌സിൽ ആവശ്യപ്പെടുന്നുണ്ട്. യഥാർത്ഥ ഇന്ത്യൻ താങ്കളാണെന്നൊക്കെ മറ്റു ചില കമന്റുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസിന്റെ ക്യാപ്റ്റനാണ് വാർണർ. മുമ്പ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്ലിലെ ഏക കിരീടം നേടിയതും വാർണർക്ക് കീഴിലാണ്.

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. തിങ്കളാഴ്ചയായിരുന്നു അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ്.