- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്രയും കാലം കഠിനമായി പണിയെടുത്തതല്ലേ; ഇനി വിശ്രമിക്കൂവെന്ന് പലതവണ പറഞ്ഞതാണ്; അദ്ദേഹം കേൾക്കുന്നില്ല'; പിതാവ് എൽ.പി.ജി സിലിണ്ടറുകൾ ചുമക്കുന്ന ജോലി തുടരുന്നുവെന്ന് റിങ്കു സിങ്; പിന്തുണച്ച് ആരാധകർ
ലക്‌നൗ: മകൻ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായി മാറിയിട്ടും വീടുകൾ തോറും പാചക വാതക സിലിണ്ടർ വിതരണം ചെയ്യുന്ന ജോലി ഉപേക്ഷിക്കാത്ത റിങ്കു സിങിന്റെ പിതാവിനെ പ്രശംസിച്ച് ആരാധകർ. ഐപിഎല്ലിലൂടെ മികവ് തെളിയിച്ച് ഇന്ത്യൻ ട്വന്റി20 ടീമിന്റെ വെടിക്കെട്ട് ബാറ്ററായി റിങ്കു സിങ് വളർന്നെങ്കിലും കുടംബം പുലർത്താൻ ചെയ്തിരുന്ന പഴയ ജോലി ഇപ്പോഴും സൂപ്പർ താരത്തിന്റെ പിതാവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മുച്ചക്ര വാഹനത്തിലെത്തി പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന ജോലിയാണ് റിങ്കുവിന്റെ പിതാവ് ഖാൻചന്ദ്ര സിങ്ങിന്റേത്.
ജോലി നിർത്താൻ താൻ നിർബന്ധിച്ചിരുന്നെങ്കിലും പിതാവ് ഇതു കേൾക്കുന്നില്ലെന്ന് റിങ്കു സിങ് അടുത്തിടെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റിങ്കു സിങ് ഇന്ത്യൻ ട്വന്റി20 ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. 11 മത്സരങ്ങളിൽനിന്ന് താരം 356 റൺസ് നേടിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഫിനിഷർ റോളിൽ റിങ്കു തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയെങ്കിലും പിതാവ് പഴയ ജോലി തുടരുകയാണെന്ന് റിങ്കു സിങ് വെളിപ്പെടുത്തിയിരുന്നു. ജോലി ഉപേക്ഷിച്ച് വിശ്രമിക്കാൻ പറഞ്ഞെങ്കിലും പിതാവ് ഇപ്പോഴും എൽ.പി.ജി സിലിണ്ടറുകളും ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുകയാണെന്നും താരം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ഇന്ത്യൻ ടീമിലെത്തിയതിൽ എന്റെ മാതാപിതാക്കളും സഹോദരങ്ങളും ബാല്യകാല പരിശീലകൻ മസൂദ് അമിനിയുമെല്ലാം സന്തുഷ്ടരാണ്. ഐ.പി.എല്ലിൽ മൂന്ന് സീസണുകളിലും ഏതാനും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചതോടെ എനിക്കിപ്പോൾ കുടുംബത്തെ നല്ലരീതിയിൽ നോക്കാനുള്ള വരുമാനമുണ്ട്. കുടുംബാംഗങ്ങളെല്ലാം താൻ നിർമ്മിച്ച വീട്ടിലാണ് താമസം. നല്ലരീതിയിൽ ജീവിക്കാനുള്ള വരുമാനമായെങ്കിലും പിതാവ് ഖാൻചന്ദ് ഇപ്പോഴും എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുന്ന തന്റെ ജോലി ഉപേക്ഷിച്ചിട്ടില്ല.
ഇത്രയും കാലം കഠിനമായി പണിയെടുത്തതല്ലേ, ഇനി വിശ്രമിക്കൂവെന്ന് അദ്ദേഹത്തോട് പലതവണ പറഞ്ഞതാണ്. എന്നാൽ, അദ്ദേഹം കേൾക്കുന്നില്ല. ഇപ്പോഴും അദ്ദേഹം സിലിണ്ടറുകൾ ചുമന്ന് വീടുകളും ഹോട്ടലുകളും കയറിയിറങ്ങുന്നുണ്ട്. അച്ഛന് ആ ജോലി എന്തോ ഭയങ്കര ഇഷ്ടമാണ്. അച്ഛന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ ചിലപ്പോൾ തോന്നും അതാണ് ശരിയെന്ന്. കാരണം, വീട്ടിൽ വിശ്രമജീവിതം നയിക്കാൻ തുടങ്ങിയാൽ പെട്ടെന്ന് തന്നെ ആ ജീവിതം മടുക്കും. പ്രത്യേകിച്ച് ജീവിതത്തിൽ കഠിനമായി കഷ്ടപ്പെട്ട ഒരാൾക്ക്. അതുകൊണ്ടുതന്നെ അച്ഛൻ ചെയ്യുന്ന ജോലി നിർത്താൻ പറയുക ബുദ്ധിമുട്ടാണ്', റിങ്കു സിങ് പറഞ്ഞു.
അലിഗഡിലെ എൽപിജി സിലിണ്ടർ വിതരണ കമ്പനിയിലാണ് ഖാൻചന്ദ്ര സിങ് ജോലി ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലാണ് റിങ്കു സിങ് ഇനി കളിക്കുക. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റിങ്കു. കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ ടോപ് സ്‌കോററായിരുന്നു. 14 കളികളിൽനിന്ന് 474 റൺസാണു താരം നേടിയത്.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി റിങ്കു സിങ് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ഒരോവറിൽ അഞ്ച് സിക്‌സടിച്ചതോടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. റിങ്കു തന്റെ നാട്ടിലെ കുട്ടികൾക്കായി സ്പോർട്സ് ഹോസ്റ്റൽ നിർമ്മിക്കുന്നുണ്ട്. ക്രിക്കറ്റിനോട് താൽപര്യമുള്ള നിർധനരായ കുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനും പരിശീലിക്കാനും സൗകര്യമുണ്ടാകും. താരത്തിന്റെ ബാല്യകാല പരിശീലകൻ മസൂദ് അമീനിയാണ് കുട്ടികളെ കളി പഠിപ്പിക്കുക.
കഴിഞ്ഞ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനുശേഷം ജീവിതം മാറിമറിഞ്ഞുവെന്നും ഇന്ന് ഒരുപാട് പേർ തന്നെ തിരിച്ചറിയുന്നുവെന്നും താരം പറഞ്ഞു. കൊൽക്കത്ത നായകൻ നിതീഷ് റാണ മൂത്ത സഹോദരനെ പോലെയാണെന്നും ഒരുപാട് പിന്തുണ നൽകിയിട്ടുണ്ടെന്നും പരിശീലകൻ അഭിഷേക് നായർ ട്വന്റി 20 മത്സരങ്ങൾക്ക് തന്നെ പരുവപ്പെടുത്തിയെന്നും റിങ്കു സിങ് പറഞ്ഞിരുന്നു.
സ്പോർട്സ് ഡെസ്ക്