- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
വ്യാജ മരണവാർത്ത, പൂനം പാണ്ഡെയ്ക്ക് രൂക്ഷവിമർശനം
ന്യൂഡൽഹി: തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ വിശദീകരണം നൽകിയെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷവിമർശനം. ഇന്നേവരെ ആരും ചെയ്യാത്ത രീതിയിലുള്ള സെൽഫ് പ്രൊമോഷനാണ് മരണവാർത്ത പ്രചരിപ്പിച്ചതിലൂടെ പൂനം പാണ്ഡെ ചെയ്തതെന്ന വിമർശനമാണ് ഉയരുന്നത്. സെർവിക്കൽ കാൻസർ ബാധിച്ച് പൂനം പാണ്ഡെ മരിച്ചെന്നാണ് വെള്ളിയാഴ്ച രാവിലെ മുതൽ പ്രചരിച്ച വാർത്ത. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസർ മൂലം നടി മരണപ്പെട്ടന്ന് ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഉത്തർപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാർത്ത. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. പൂനം പാണ്ഡെയുമായി ബന്ധമുള്ളവർ വാർത്ത സ്ഥിരീകരിക്കുകയും രാജ്യത്തെ എല്ലാ മാധ്യമങ്ങളും വാർത്ത നൽകുകയും ചെയ്തു. എന്നാൽ, വൈകിട്ടായപ്പോഴേക്കും അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങി. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് അഭ്യൂഹം വന്നുതുടങ്ങി. ഇതോടെ മാധ്യമങ്ങൾ പൂനം പാണ്ഡെയുടെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാവരും ഔട്ട് ഓഫ് കവറേജ് ആയിരുന്നു.
എന്നാൽ, ശനിയാഴ്ച ഉച്ചയോടെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. ഇതോടെ രൂക്ഷ വിമർശനമാണ് പൂനം പാണ്ഡെക്കെതിരെ ഉയർന്നത്. വാർത്ത പ്രചരിച്ച് 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് പൂനം വിശദീകരണം നൽകിയത്. വീഡിയോയിൽ ആരോഗ്യവതിയായിരുന്നു പൂനം. താൻ മരിച്ചെന്ന വാർത്ത പരമാവധി പ്രചരിക്കാൻ അവർ അവസരം നൽകിയെന്നും വിമർശനമുയരുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.
"എല്ലാവർക്കും നമസ്‌കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് ഉണ്ടാക്കിയത് വ്യാജവാർത്തയായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു" അവർ വിഡിയോയിലൂടെ അറിയിച്ചു.
എന്നാൽ, ഇതൊന്നും ആരാധകർ വിശ്വസിക്കുന്നില്ല. നേരത്തെയും വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ച വ്യക്തിയാണ് ഇവരെന്നും നിരവധി പേർ പറയുന്നു. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ടാകുമെന്ന് പൂനം പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് മരണ വാർത്ത എത്തിയത്. "ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം." എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത എത്തിയത്. പൂനത്തിന്റെ മാനേജർ നികിത ശർമ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ബോളിവുഡ് താരങ്ങളടക്കം നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ വിയോഗത്തിൽ ഞെട്ടലും ആദരാഞ്ജലികളും അർപ്പിച്ചു.
എന്നാൽ രാത്രി വൈകിയപ്പോൾ തന്നെ മരണവാർത്ത അഭ്യൂഹമാണെന്നും ഇവർ തന്നെ പ്രചരിപ്പിച്ചതാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. രോഗത്തെ സംബന്ധിച്ച് ഒരു വിവരും പൂനം വെളിപ്പെടുത്തിയിരുന്നില്ല. ജനുവരി 29 വരെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വിഡിയോകളിലും അവരെ പൂർണ ആരോഗ്യത്തോടെയാണ് കണ്ടിരുന്നത്. മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ ആശുപത്രിയുടെ പ്രതികരണമോ പുറത്തുവന്നിരുന്നില്ല. ഇതോടെയാണ് വാർത്തയെക്കുറിച്ച് സംശയം ഉയർന്നത്. സഹോദരിയാണ് മരണവിവരം അറിയിച്ചതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച രാത്രി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഇത്തരമൊരു നാടകം കളിച്ചതിൽ പൂനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. നടിക്കെതിരെ നടപടി എടുക്കണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ൽ പുറത്തിറങ്ങിയ 'നഷ' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്‌സൺ, അദാലത്ത്, മാലിനി ആൻഡ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ കാൻപുരിൽ 1991ലാണ് പൂനം പാണ്ഡെയുടെ ജനനം. ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെ എന്നിവരാണ് മാതാപിതാക്കൾ. 2020ൽ പൂനം, സാം ബോംബെ എന്ന വ്യവസായിയെ വിവാഹം ചെയ്തിരുന്നു. വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവർ മുംബൈ പൊലീസിൽ പരാതി നൽകി. 2021ൽ ഇവർ വിവാഹമോചിതരായി.
ഇതിന് പിന്നാലെ സാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് പൂനം നടത്തിയത്. ഭർത്താവ് തന്നെ നിരന്തരം മദ്യപിച്ചെത്തി മർദ്ദിക്കുമെന്നും ഒരുഘട്ടത്തിൽ തനിക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായെന്നും പൂനം വെളിപ്പെടുത്തിയിരുന്നു. നടി കങ്കണ റണാവത്ത് അവതാരകയായ 'ലോക്കപ്പ് ഷോ'യിലായിരുന്നു പൂനം മനസ്സു തുറന്നത്. ലോക്ക് അപ്പിന്റെ ആദ്യ സീസണിലാണ് പൂനത്തെ അവസാനമായി കണ്ടത്. ഷോയിൽ വിജയിച്ചില്ലെങ്കിലും വലിയ പ്രേക്ഷക പ്രീതി പറ്റാൻ പൂനത്തിനായി.
സമൂഹമാധ്യമങ്ങളിലെ വിവാദങ്ങളിലൂടെയാണ് പൂനം പ്രശസ്ത നേടുന്നത്. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി.സി.സിഐ.യിൽ നിന്നും ശക്തമായ വിമർശനമാണ് പുനം നേരിട്ടത്. 2012-ലെ ഐ.പി.എൽ. 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ വാഗ്ദാനം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ലോകകപ്പിൽ ഇന്ത്യ ജയിച്ചെങ്കിലും എതിർപ്പുകളെ തുടർന്ന് താരം പിന്മാറി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക കപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്ലെസ് പൂനം പാണ്ഡെ ട്വിറ്ററിൽ പുതിയ ടോപ് ലെസ് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 'ന്യൂ പിക് ഫോർ ടീം ഇന്ത്യ' എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം പൂനം ട്വീറ്റ് ചെയ്തത്.