- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് ക്യാമ്പസ്സിലെ വിദ്യാർത്ഥികളെ പരസ്പരം ബന്ധിപ്പിക്കുവാൻ മാർക്ക് സുക്കർബർഗ്ഗ് 2004 ൽ തുടങ്ങിയ സൈറ്റ്; 20 വർഷം കൊണ്ട് അടിമുടി മാറിയത് നിരവധി ഫീച്ചറുകളുമായി; ഗൃഹാതുരത ഓർമ്മകളുമായി തുടക്കത്തിലുള്ള വെബ് സൈറ്റിന്റെ ഫോട്ടോ; ഫെയ്സ് ബുക്കിന് ഇരുപതാം ജന്മദിനം
മുഖം കാണാത്ത നിരവധി സുഹൃത്തുക്കളെ സമ്മാനിച്ച മുഖപുസ്തകം കൗമാരം വിട്ട് യൗവ്വനത്തിലേക്ക് കാലൂന്നുന്നു. ലോകത്തെ തന്നെ മാറ്റിമറിച്ച ഫേസ്ബുക്ക് എന്ന ഇതിഹാസം സംഭവബഹുലമായ 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ ഇരുപത് വർഷം കൊണ്ട് ഫേസ്ബുക്ക് സ്രഷ്ടാവ് മാർക്ക് സുക്കർബർഗ് ആകട്ടെ, വിരസനായ ഒരു കോളേജു കുമാരനിൽ നിന്നും സിലിക്കോൺ വാലിയിലെ കോടീശ്വരന്മാരിൽ ഒരാളായി വളരുകയും ചെയ്തു.
ഈ രണ്ട് പതിറ്റാണ്ട് കാലത്തിനിടയിൽ ഫേസ്ബുക്കും നിരവധി മാറ്റങ്ങൾക്ക് വിധേയമായി. ആരംഭദശയിൽ നിന്നും ഇന്ന് നമ്മൾ കാണുന്ന, അനുഭവിക്കുന്ന ഫേസ്ബുക്കിലേക്കുള്ളത് സംഭവബഹുലമായ ഒരു യാത്രയായിരുന്നു. 2004 ഫെബ്രുവരി 4 ന് മാർക്ക് സുക്കർബർഗ് ജന്മം കൊടുത്ത ഫേസ്ബുക്ക്, (അന്ന് അത് ദി ഫേസ്ബുക്ക് ആയിരുന്നു) സുക്കർബർഗ്ഗിന്റെ കോളേജ് സഹപാഠികൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു.
അന്ന്, ന്യുസ് ഫീഡ് ഉണ്ടായിരുന്നില്ല, ടൈം ലൈൻ ഉണ്ടായിരുന്നില്ല, വോളുകളോ, സ്റ്റാറ്റസ് അപ്ഡേറ്റുകളോ ഉണ്ടായിരുന്നില്ല. ഒരു പ്രൊഫൈലിൽ ഒരു ചിത്രം മാത്രം. നിരവധി വിദ്യാർത്ഥികളുടെ പ്രൊഫൈലുകളുടെ ഒരു ശേഖരമായിരുന്നു അത് എന്ന് വേണമെങ്കിൽ പറയാം. ഒപ്പം അവരെ കുറിച്ചുള്ള വിവരണങ്ങളും. ഇരുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ആ പഴയ വെബ് പേജിന്റെ ഗൃഹാതുരതയുണർത്തുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഫേസ്ബുക്ക്.
നിങ്ങൾ 2004 കാലത്ത് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി ആയിരുന്നെങ്കിൽ ഈ പേജ് കാണുവാൻ ഒരു സാധ്യതയുമില്ല. അതുകൊണ്ടു തന്നെയാണ് വിരളമായ ഈ ചിത്രം തന്നെ പ്രസിദ്ധീകരിച്ച് ഇരുപതാം പിറന്നാൽ ആഘോഷിക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചത്. ഫേസ്ബുക്ക് ആരംഭിച്ച കാലത്ത് അതിൽ ചേരുന്നതിനായി ഒരു ഹാർവാർഡ് ഡോട്ട് എഡു ഈമെയിൽ ഐഡി ആവശ്യമായിരുന്നു. എന്നാൽ, 2004 ൽ തന്നെ അത് സ്റ്റാൻസ്ഫോർഡ്, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങി മറ്റ് യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കി.
എന്നാൽ, 2006 ൽ മാത്രമായിരുന്നു ഫേസ്ബുക്ക് പൊതുജനങ്ങൾക്ക് പ്രാപ്യമായി തുടങ്ങിയത്. 13 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും സ്വന്തം നിലയിൽ അക്കൗണ്ട് സൃഷ്ടിച്ച് ഫേസ്ബുക്ക് ഉപയോഗിക്കാൻ കഴിയും. ഈ വെബ്സൈറ്റ് ആരംഭിച്ച്, അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനിടയിലുള്ള കാലഘട്ടത്തിൽ ഇത് നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതിൽ ആദ്യത്തേത്, ഫേസ്ബുക്ക് ഡോട്ട് കോം എന്ന ഡൊമെയ്ൻ 2 ലക്ഷം ഡോളറിന് സ്വന്തമാക്കി പേരിന് മുൻപുള്ള 'ദി'എന്ന വാക്ക് ഉപേക്ഷിച്ചു എന്നതാണ്.
മറ്റൊന്ന്, 2006 ഫെബ്രുവരി 5 ന്, അതായത്, ഫേസ്ബുക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കൃത്യം 20 ദിവസങ്ങൾക്ക് മുൻപായി അതിൽ ന്യുസ് ഫീഡ് എന്ന ഫീച്ചർ കൂട്ടിച്ചേർത്തു എന്നതാണ്. ഇതോടെയാണ് ഒരു കൂട്ടം പ്രൊഫൈലുകളുടെ ശേഖരണം എന്ന നിലയിൽ നിന്നും ഫേസ്ബുക്ക് മാറുന്നത്. ഇന്ന് ആർക്കും, അവരുടെ ലിസ്റ്റിലുള്ളവർ പ്രൊഫൈലിൽ വരുത്തുന്ന മാറ്റങ്ങൾ എളുപ്പത്തിൽ അറിയാൻ കഴിയും.
ഈ മാറ്റത്തിനും അക്കാലത്ത് എതിർപ്പുകൾ ഉണ്ടായി. ന്യുസ് ഫീഡുകൾ വഴിയും മറ്റും സ്വകാര്യത ചോരുന്നു എന്ന് ആരോപിച്ച് സ്റ്റുഡന്റ്സ് എഗനിസ്റ്റ് ഫേസ്ബുക്ക് ന്യുസ് ഫീഡ് എന്ന ഗ്രൂപ്പ് അതി ശക്തമായി രംഗത്തുവന്നു. പിന്നീട് സുക്കർബർഗിന് ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനം തന്നെ നടത്തേണ്ടതായി വന്നു. ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് ന്യുസ് ഫീഡ് ഇന്നും ഫേസ്ബുക്കിലെ ഏറ്റവും സുപ്രധാന ഫീച്ചറുകളിൽ ഒന്നായി നിലകൊള്ളുകയാണ്.
ഈ കാലഘട്ടത്തിൽ തന്നെ വന്ന മറ്റൊരു ഫീച്ചറാണ് പോക്ക് ബട്ടൺ. ഒരു തമാശക്ക് വേണ്ടി മാത്രമായിരുന്നു ഈ ഫീച്ചർകൊണ്ടുവന്നതെന്ന് ഫേസ്ബുക്ക് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ഏറെ ജനപ്രിയമായ ഒരു ഫീച്ചറായി മാറി. സുഹൃത്തുക്കൾക്കിടയിൽ ഒരു പോക്ക് മത്സരത്തിന് തന്നെ ഇത് വഴി തെളിച്ചു എന്ന് പറയാം. ഇന്നും അത് പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല. ഫേസ്ബുക്ക് പേജിൽ എവിടെയോ അത് ഒളിപ്പിച്ചു എന്ന് മാത്രം. സെറ്റിങ്സിലൂടെ പരതിയാൽ ഒരുപക്ഷെ നിങ്ങൾക്ക് അത് ലഭ്യമായേക്കാം.
2008, ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായ ഒരു വർഷമായിരുന്നു. അക്കൊല്ലമാണ് ഫേസ്ബുക്ക് ചാറ്റ് ആരംഭിച്ചത്. അതേവർഷം തന്നെ ഫേസ്ബുക്ക് വാൾ രൂപപ്പെടുത്തുകയും ഐ ഫോണിനായി ഫേസ്ബുക്ക് ആപ്പ് ആരംഭിക്കുകയും ചെയ്തു. 2009 മുതൽ ആയിരുന്നു ടൈം ലൈൻ യഥാർത്ഥ സമയങ്ങളിൽ അപ്ഡേറ്റ് ആകാൻ തുടങ്ങിയത്. 2010-ൽ, മുകളിലെ നാവിഗേഷൻ ബാറിൽ നോട്ടിഫിക്കേഷൻ ടാബ് പ്രത്യക്ഷപ്പെട്ടു. പിന്നീട് 2011 ൽ ആയിരുന്നു ഇന്ന് നമ്മൾ കാണുന്ന രൂപത്തിലുള്ള ടൈം ലൈൻ പ്രത്യക്ഷപ്പെട്ടത്.
2015- ൽ ഫേസ്ബുക്ക് ലൈവ് ആരംഭിച്ചു. അതിനു ശേഷം 2016- ൽ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസും ആരംഭിച്ചു. പിന്നീട് കാതലായ ഒരു മാറ്റം വരുന്നത് 2022-ൽ ആയിരുന്നു. ആ വർഷമാണ് ഹ്രസ്വ വീഡിയോകൾക്കായി ഫേസ്ബുക്ക് റീൽസ് ആരംഭിച്ചത്. ഇരുപത് വർഷം പൂർത്തിയാക്കിയ ഫേസ്ബുക്കിൻ'ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ജന്മദിനാശംസകൾ ഒഴുകിയെത്തുന്ന നേരത്ത് പഴയ കഥകൾ ഗൃഹാതുരതയോടെ അയവിറക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗും.
മറുനാടന് മലയാളി ബ്യൂറോ