രാജ്‌കോട്ട്: ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് താരത്തിന്റെ പിതാവ് അനിരുദ്ധ്‌സിങ് ജഡേജ. മരുമകളും ബിജെപി എംഎഎൽഎയുമായ റിവാബ ജഡേജയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങൾക്കും കാരണമെന്നും ഒരേ നഗരത്തിൽ താമസിച്ചിട്ടും തന്റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അനിരുദ്ധ്‌സിങ് ജഡേജ ദൈനിക് ഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മകൻ രവീന്ദ്ര ജഡജേയുമായും മരുമകൾ റിവാബയുമായും ഒരു ബന്ധവും തുടരില്ലെന്നും അദ്ദേഹം പറയുന്നു. പിതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രവീന്ദ്ര ജഡേജയും രംഗത്ത് വന്നു. അഭിമുഖത്തിൽ പിതാവ് ആരോപിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല ജഡേജ പറയുന്നു.

അവനെന്റെ മകനാണ്. അത് ഓർക്കുമ്പോൾ എന്റെ ഹൃദയം പൊള്ളുന്നുണ്ട്. അവൻ വിവാഹം കഴിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ അഗ്രഹിക്കുകയാണ്. അവനൊരു ക്രിക്കറ്റ് താരമായി മാത്രം തുടർന്നാൽ മതിയായിരുന്നു. എന്നാൽ ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല.



മകൻ രവീന്ദ്ര ജഡജേയുമായും മരുമകൾ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല. ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഞാനിപ്പോൾ ജാംനഗറിൽ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാൻ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല-അനിരുദ്ധ് ജഡേജ പറഞ്ഞു.

വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം സ്വത്തെല്ലാം റിവാബയുടെ പേരിലേക്ക് മാറ്റണമെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. കുടുംബം തകർത്തത് അവളാണ്. അവൾക്ക് കുടുംബ ജീവിതം ആഗ്രഹമുണ്ടായിരുന്നില്ല. സ്വതന്ത്രമായി ജീവിക്കാനാണ് അവൾ ആഗ്രഹിച്ചത്. ഞാൻ പറയുന്നതും ജഡേജയുടെ സഹോദരി പറയുന്നതും കളവാണെന്ന് അവർക്ക് പറയാം, പക്ഷെ കുടുംബത്തിലെ 50 പേരും എങ്ങനെയാണ് ഒരുപോലെ നുണപറയുക. കുടുംബാങ്ഹളുമായി അവർക്ക് യാതൊരു ബന്ധവുമില്ല, വെറുപ്പ് മാത്രമാണുള്ളതെന്നും രവീന്ദ്രസിങ് ജഡേജ പറഞ്ഞു.

അതേസമയം, പിതാവിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി നൽകിയും ഭാര്യ റിവാബ ജഡേജയെ പിന്തുണച്ചും രവീന്ദ്ര ജഡേജയും രംഗത്തെത്തി. അഭിമുഖത്തിൽ പിതാവ് ആരോപിച്ച കാര്യങ്ങളെല്ലാം പ്രശ്‌നങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും കാര്യമില്ലാത്തത്തും വസ്തുതയില്ലാത്തതുമാണെന്നും ജഡേജ പറഞ്ഞു.

ദൈനിക് ഭാസ്‌കറിന് നൽകിയ മോശം അഭിമുഖത്തിൽ പിതാവ് ആരോപിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. അത് ഒരു ഭാഗം മാത്രമാണ്. അത് ഞാൻ നിഷേധിക്കുന്നു. എന്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള പിതാവിന്റെ ബോധപൂർവമായ ശ്രമത്തെ ഞാൻ അപലപിക്കുന്നു. എനിക്കും ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ അതൊന്നും പരസ്യമായി പറഞ്ഞ് വിഴുപ്പലക്കാൻ താനില്ലെന്നും ജഡേജ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പമ്പരയിലെ ആദ്യ ടെസ്റ്റ് കളിച്ചശേഷം പരിക്കേറ്റ ജഡേജയിപ്പോൾ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. 2016ലാണ് റിവാബയും മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന റിവാബയും തമ്മിൽ വിവാഹിതരായത്.