- Home
- /
- Scitech
- /
- CYBER SPACE
റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനയ്ക്കുവേണ്ടി വാഹനം ഒതുക്കി ബസ് ഡ്രൈവർ
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: വഴിയരികിൽ നിന്ന കാട്ടാന റോഡിലേക്ക് ഇറങ്ങിയതോടെ ബസ് വഴിയരുകിലെക്ക് ഒതുക്കിനിർത്തിയ ബസ് ഡ്രൈവറുടെ പക്വതയുള്ളു പെരുമാറ്റത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി. ബസിനുനേരെ വന്ന കാട്ടാനയോട് സൗഹാർദഭാവത്തിൽ പെരുമാറുകയും ഭയന്ന യാത്രക്കാരെ സമാധാനിപ്പിക്കുകയും ചെയ്യുന്ന ഒരു ബസ് ഡ്രൈവറുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനയ്ക്കുവേണ്ടി വാഹനം ഒതുക്കി ആനയ്ക്ക് വഴിയൊരുക്കി, ആനയോട് യാത്രപറഞ്ഞ് വണ്ടിമുന്നോട്ടെടുത്ത് പോകുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഡ്രൈവറുടെ വീഡിയോ ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് എക്സിൽ പങ്കുവെച്ചത്.
A day at Karapallam Check post near Tamil Nadu Karnataka border in Punjanur Range of BRT Tiger Reserve. You can't miss 'Mr Cool' the Bus driver who reassures passengers and drives on with a bye to the elephant calling him Anna ( Big Brother) #elephants #corxistence Video P C… pic.twitter.com/BUfHN21NMl
— Supriya Sahu IAS (@supriyasahuias) February 15, 2024
ബിആർടി ടൈഗർ റിസർവിന്റെ പുഞ്ചനൂർ റേഞ്ചിൽ തമിഴ്നാട്-കർണാടക അതിർത്തിക്ക് സമീപമുള്ള കാരപ്പള്ളം ചെക്ക്പോസ്റ്റിനടുത്തുവച്ചായിരുന്നു സംഭവം. റോഡിന്റെ ഒരുവശത്തുനിന്ന് ആന പെട്ടെന്ന് റോഡിലേക്കിങ്ങി ബസിന്റെ മുന്നിലേക്ക് നടന്നുവരികയായിരുന്നു. ആന വരുന്നത് കണ്ടതോടെ ബസ് ഒതുക്കിനിർത്തിയ ഡ്രൈവർ, യാത്രക്കാരോട് പേടിക്കേണ്ടെന്നും അതൊന്നും ചെയ്യില്ലെന്നും സുഹൃത്താണെന്നും പറയുന്നത് വീഡിയോയിൽ കേൾക്കാം.
ആന ബസിനെ കടന്നുപോകുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന ശേഷം ആനയോട് 'ബൈ അണ്ണാ' എന്നുപറഞ്ഞ് ഡ്രൈവർ കൈവീശി യാത്രപറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ബസിലെ യാത്രക്കാരനായ പി.സി മൂർത്തിയാണ് ദൃശ്യങ്ങൾ പകർത്തിയത്. നിരവധി പേരാണ് ഡ്രൈവറുടെ പെരുമാറ്റത്തെ അഭിനന്ദിച്ചുകൊണ്ട് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. വന്യമൃഗങ്ങളുടെ സ്വഭാവം മനസിലാക്കി പെരുമാറുന്നത് വലിയ കഴിവാണെന്നും പ്രകോപനമുണ്ടായാൽ മാത്രമേ വന്യമൃഗങ്ങൾ മനുഷ്യനെ ഉപദ്രവിക്കുകയുള്ളൂ എന്നിങ്ങനെ ആളുകൾ വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്.