- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമിക്ക് ആശംസയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തിൽ തിരിച്ചെത്താൻ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്. ഷമി പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പേസർക്ക് ആശംസകൾ നേർന്നത്.
ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായ ഷമി പരിക്കിന്റെ വേദനക്ക് ഇഞ്ചക്ഷൻ എടുത്താണ് ലോകകപ്പ് മത്സരങ്ങളിൽ കളിച്ചത്.
ശസ്ത്രക്രിയ വിജയകരമെന്ന് ഇന്ത്യൻ പേസർ വ്യക്തമാക്കിയിരുന്നു. ഏകദിന ലോകകപ്പിലാണ് താരം അവസാനമായി കളിച്ചത്. ടൂർണമെന്റിൽ പരിക്കുമായി കളിച്ച താരം, വേദന മറികടക്കാൻ മത്സരത്തിന് തൊട്ടുമുൻപ് കുത്തിവയ്‌പ്പുകൾ എടുത്തിരുന്നു. ഫൈനലിൽ ഇന്ത്യക്ക് കാലിടറിയെങ്കിലും 24 വിക്കറ്റുമായി ടൂർണമെന്റിലെ മികച്ച വിക്കറ്റുവേട്ടക്കാരനായിരുന്നു ഷമി.
Wishing you a speedy recovery and good health, @MdShami11! I'm confident you'll overcome this injury with the courage that is so integral to you. https://t.co/XGYwj51G17
— Narendra Modi (@narendramodi) February 27, 2024
ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റശേഷം അപ്രതീക്ഷിതമായി ഇന്ത്യൻ ഡ്രസ്സിങ് റൂം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെ ചേർത്ത് പിടിച്ചിരുന്നു. ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന ഷമി ഹാർദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിങ് ഇലവനിലെത്തിയത്. പിന്നീട് കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെയാണ് ഷമി 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തിയത്.
ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റൻസിനായി കളിക്കാൻ ഷമിക്കാവില്ല. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിലും ഷമി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയത്തിലാണ്.