തിരുവനന്തപുരം: വിദേശത്ത് നിന്ന് വാട്സ്ആപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സൈബർ ഡിവൈഎസ്‌പി എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു സംഘം വിളിക്കുന്നത്. നിങ്ങളുടെ ഫോൺ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകൾ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. തുടർന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തും. ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളിൽ വിളിച്ച് കേസ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകൾ സ്വീകരിക്കാതിരിക്കുക എന്നാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി. എല്ലാത്തരം സൈബർ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് കേരളാ പൊലീസ് അറിയിച്ചു.