- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
ബൈക്ക് യാത്രികന് ഒരു തലയും നാല് കാലും, പിഴയിട്ട് എംവിഡി
കണ്ണൂർ: എഐ ക്യാമറയെ കൂസാതെ നിയമലംഘനം തുടർച്ചയായതോടെ പിഴവാങ്ങി കൂട്ടിയവരും ക്യാമറകളെ പറ്റിക്കാൻ പല അടവുകൾ പ്രയോഗിക്കുന്നവരുമുണ്ട്. പലതവണയായി നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലിൽ ലഭിച്ചിട്ടും പിഴയടക്കാതെ നടന്നവരുടെ വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുത്ത സംഭവമുണ്ട്. എന്നാൽ ക്യാമറയെ കബളിപ്പിക്കാൻ സഹയാത്രികന്റെ കോട്ടിനുള്ളിൽ തലയിട്ട് യാത്ര ചെയ്ത സംഭവമാണ് എംവിഡി ചിത്രം സഹിതം പുറത്തുവിട്ടിരിക്കുന്നത്.
ക്യാമറയിൽ പെടാതിരിക്കാൻ സഹയാത്രികന്റെ കോട്ടിനുള്ളിൽ തല ഒളിപ്പിച്ച് യാത്ര ചെയ്‌തെങ്കിലും പിടിവീണു. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തയാളുടെ ചിത്രം സഹിതം മോട്ടർ വാഹന വകുപ്പ് തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കിട്ടത്.
"പാത്തും പതുങ്ങിയും നിർമ്മിതബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ" എന്നു ചിത്രം സഹിതമുള്ള കുറിപ്പിൽ പറയുന്നു. തല ഒളിപ്പിച്ചപ്പോൾ കാലിന്റെ എണ്ണമെടുത്താണു ക്യാമറ തെറ്റ് കണ്ടുപിടിച്ചത്. പിഴയടക്കാൻ ബൈക്ക് ഉടമയ്ക്ക് നോട്ടിസ് അയച്ചെന്ന് എംവിഡി പറഞ്ഞു.
എംവിഡി കേരളയുടെ കുറിപ്പ്:
പാത്തും പതുങ്ങിയും നിർമ്മിതബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ. തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടെയോ ഉപദേശം കേട്ട് കൂട്ടുകാരന്റെ ജാക്കറ്റിനകത്തു തല മൂടി പോയതാണ്. അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല. പക്ഷേ, ക്യാമറ വിട്ടില്ല. കാലിന്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടിസും വിട്ടു. കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിന്റെ എണ്ണമെടുത്തത്. തല കുറച്ച് കാറ്റ് കൊള്ളട്ടെ. അൽപം വെളിവ് വരാൻ അതല്ലേ നല്ലത്?