മുംബൈ: സുഹൃത്തും കൊറിയോഗ്രാഫറുമായ പ്രതീക് ഉതേകറിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് അധിക്ഷേപ കമന്റുകളും ഉപദേശവുമായി എത്തിയവർക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ ഭാര്യയും നർത്തകിയുമായ ധനശ്രീ വർമ. സൈബർ ആക്രമണം തന്റെ കുടുംബത്തെ ബാധിച്ചുവെന്നും വലിയ മാനസിക പ്രയാസമുണ്ടാക്കിയതെന്നും ധനശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. എന്നാൽ മറുഭാഗത്തുയുള്ളവരെ കൂടി പരിഗണിക്കണം. വിദ്വേഷം പ്രചരിപ്പിക്കരുതെന്നും കമന്റിടുമ്പോൾ അൽപമൊന്ന് ആലോചിക്കണമെന്നും ധനശ്രീ പറഞ്ഞു.

'ജീവിതത്തിൽ ഒരിക്കൽ പോലും ട്രോളുകളും മീമുകളും എന്നെ ബാധിച്ചിട്ടില്ല. കാരണം ട്രോളുകളെ പക്വതയോടെ തള്ളിക്കളയുകയോ അല്ലെങ്കിൽ ചിരിച്ചുക്കൊണ്ട് അവഗണിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ട്രോളുകൾ ബാധിച്ചു. കാരണം അതെന്റെ കുടുംബത്തേയും പ്രിയപ്പെട്ടവരേയും ബാധിച്ചു.

സോഷ്യൽ മീഡയിൽ വീണ്ടും സജീവമാകുന്നതിന് മുൻപ് ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു. അഭിപ്രായങ്ങളും വിധിപ്രസ്താവങ്ങളും നടത്തുംമുൻപ് മനുഷ്യനായി ചിന്തിക്കുകയെന്നതാണ് പ്രധാനം. സാധാരണയായി പോസ്റ്റിന് താഴെ വരുന്ന നെഗറ്റീവ് കമന്റുകൾ താൻ വ്യക്തപരമായി എടുക്കാറില്ല. അവ അതേരീതിയിൽ അവഗണിക്കാറാണ് പതിവ്. എന്നാൽ അവസാനം ഉണ്ടായ സൈബർ ആക്രമണം വല്ലാതെ ഉലച്ചുകളഞ്ഞു. അത് തന്നെ മാത്രമല്ല, കുടുംബത്തിലെ പ്രിയപ്പെട്ടവരെപ്പോലും ബാധിച്ചതായും ധനശ്രീ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ നിങ്ങളുടെതായ രീതിയിൽ പ്രതികരിക്കാനുള്ള സ്വാതന്ത്യം നിങ്ങൾക്കുണ്ട്. എന്നാൽ മറുഭാഗത്തുള്ളവരെ കുറിച്ചോ അവരുടെ കുടുംബത്തോ കുറിച്ചോ നിങ്ങൾ ഒന്നും ഓർക്കുന്നില്ല. ഇത്തരത്തിലുള്ള പെരുമാറ്റം വലിയ തോതിൽ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇതേതുടർന്ന് ഏറെ നാൾ സൈബർ ലോകത്ത് നിന്ന് ഒരു ഇടവേള എടുത്തു. അത് തനിക്ക് ഏറെ സമാധാനം നൽകി. എന്നാൽ സോഷ്യൽ മീഡിയ തന്റെ തൊഴിലിന്റെ ഭാഗമായതിനാൽ ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിച്ചു. ഇത്തരം കമന്റുകൾ ഇടുമ്പോൾ ഇനിയെങ്കിലും അൽപം ശ്രദ്ധിക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങളുടെ അമ്മ, പെങ്ങൾ, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ താനും ഒരു സ്ത്രീയാണ്. എന്തിനാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്? സ്നേഹം മാത്രം പ്രചരിപ്പിക്കൂ ധനശ്രീ പറഞ്ഞു.

പ്രതീക് ഉതേകറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനെതിരെ ധനശ്രീക്കെതിരെ രൂക്ഷവിമർശനം ഉണ്ടായി. ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും ഇതു കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുമായിരുന്നു ചിലരുടെ ഉപദേശം. ധനശ്രീയുടെ അക്കാദമിയിൽ നൃത്തം പഠിക്കാൻ എത്തിയപ്പോഴാണ് ചഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഝലക് ദിഖ്‌ല ജാ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ധനശ്രീ വർമ ജനശ്രദ്ധയാകർഷിച്ചത്.