വിമാനയാത്രയ്ക്കിടയിൽ വിമാനത്തിൽ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കുന്ന പതിവുണ്ടോ ? എങ്കിൽ, ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. വിമാനത്തിനുള്ളിലെ വൈഫൈ സൗകര്യം ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നതിനോ, ബാങ്കിലെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനോ മുതിരാതിരിക്കാൻ വിദഗ്ദ്ധർ ഉപദേശിക്കുന്നു. വിമാനത്തിനകത്ത്, നിങ്ങളുടെ സ്വകാര്യതയിലേക്ക് ഹാക്കർമാർക്ക് അത് അവസരം നൽകുമെന്നും അവർ പറയുന്നു.

നിലത്തുള്ളതിനേക്കാൾ ആകാശത്ത് വി പി എന്നുകൾ ഡ്രോപ് ഇൻ അകാനും ഔട്ട് ആകാനും ഉള്ള സാധ്യത കൂടുതലാണ്. ആ സംരക്ഷണ വലയമില്ലാതെ, വിമാനത്തിലെ വൈ ഫൈ തന്നെ ഉപയോഗിക്കുന്ന സൈബർ ക്രിമിനലുകൾ വിമാനത്തിൽ ഉണ്ടെങ്കിൽ അവർക്ക് നിങ്ങളുടെ ഡിവൈസുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയും. അതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ മാൽവയറുകൾ നിങ്ങളുടെ ഉപകരണങ്ങളിലേക്ക് കടത്തി വിടുകയോ ചെയ്യാം.

അതുകൊണ്ടു തന്നെ വിമാനത്തിനുള്ളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി നമ്മൾ, വലതു ഭാഗത്ത് മുകളിലായി നെറ്റ്‌വർക്ക് പേര് കാണുമ്പോൾ അതിൽ ക്ലിക്ക് ചെയ്യാറുണ്ട്. അവിടെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഏതാണ്ട് വിമാനത്തിലേതിന് സമാനമായ പേരുമായി വൈ ഫൈ നെറ്റ്‌വർക്കുകൾ സൃഷ്ടിക്കാൻ സൈബർ ക്രിമിനലുകൾക്ക് കഴിയും. ഒരുപക്ഷെ, നിയമസാധുതയുള്ള നെറ്റ്‌വർക്കിന് പകരം ഈ വ്യാജ വൈഫൈയിലേക്കായിരിക്കും നിങ്ങൾ കയറുന്നത്. സമാനമായ പേരുകൾ ഉള്ള ഒന്നിലധികം ഓപ്ഷനുകൾ കണ്ടാൽ വിമാന ജീവനക്കാരോട് ചോദിച്ച് യഥാർത്ഥ നെറ്റ്‌വർക്ക് ഏതെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അത് ഉപയോഗിക്കുക.

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി പി എൻ) ഭൂമിയിൽ ഉള്ളത്ര സുരക്ഷിതമല്ല ആകാശത്ത് എന്ന് നേരത്തേ സൂചിപ്പിച്ചു. ഒരു വി പി എൻ സാധാരണയായി നിങ്ങളുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യാറുണ്ട്. അതുവഴി അത് സംരക്ഷിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുൻപായി നിങ്ങളുടെ വി പി എൻ ആക്ടീവ് ആണെന്ന് ഉറപ്പു വരുത്തുക. പരിചിതമല്ലാത്ത നെറ്റ്‌വർക്കിൽ ആണെങ്കിൽ എൻക്രിപ്റ്റ് ചെയ്ത സൈറ്റുകൾ മാത്രം സന്ദർശിക്കുക. എച്ച് ടി ടി പി എസ് എന്നതിൽ തുടങ്ങുന്ന സൈറ്റുകൾ മാത്രം സന്ദർശിക്കുക.

അതുപോലെ, വേഗതയും ഡാറ്റ പരിധിയുമെല്ലാം തത്ക്കാലം അവഗണിക്കുക. സുരക്ഷക്കായിരിക്കണം മുൻഗണന. വിമാനയാത്രക്കിടയിൽ യാതൊന്നും ഡൗൺലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു ഡൗൺലോഡിൽ അതിക്രമിച്ചു കയറി എല്ലാം വായിക്കുന്നതിന് ഒരു ഹാക്കർക്ക് ഏറെ ക്ലേശിക്കേണ്ടതായി വരില്ല.