ഇസ്‌ലാമബാദ്: സ്ത്രീകൾ ജോലി ചെയ്യുന്നതിനാലാണ് വിവാഹ മോചനങ്ങൾ വർധിക്കുന്നതെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ സയീദ് അൻവറിന്റെ പരാമർശം വിവാദത്തിൽ. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോ വൈറലായതോടെ, അൻവറിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാക്കിസ്ഥാനിൽ വിവാഹ മോചനക്കേസുകൾ മുപ്പത് ശതമാനം വർധിച്ചതായാണു അൻവറിന്റെ കണ്ടെത്തൽ.

"സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയതോടെ വിവാഹ മോചനം 30 ശതമാനമാണ് കൂടിയത്. കഴിഞ്ഞ മൂന്നു വർഷത്തെ മാത്രം കണക്കാണിത്. എനിക്കു സ്വന്തമായി സമ്പാദിക്കാൻ സാധിക്കും. സ്വന്തമായി വീടു നോക്കിക്കോളാം എന്നാണ് അവർ പറയുന്നത്. അതാണ് ഗെയിം പ്ലാൻ. കൃത്യമായ ഉപദേശം കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് അക്കാര്യം മനസ്സിലാക്കാൻ പോലും സാധിക്കില്ല."

"ഞാൻ ഓസ്‌ട്രേലിയയിൽനിന്നും യൂറോപ്പിൽനിന്നും മടങ്ങുകയാണ്. അവിടെ യുവാക്കൾ ബുദ്ധിമുട്ടുകയാണ്. കുടുംബങ്ങൾ മോശം അവസ്ഥയിലാണ്. പങ്കാളികൾ പോരടിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾ ജോലി ചെയ്തതോടെ, ഇവിടെ ബന്ധങ്ങളുടെ അവസ്ഥ വളരെ മോശമായിരിക്കുന്നു." സയീദ് അൻവർ വ്യക്തമാക്കി. സമൂഹ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് ന്യൂസീലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസൻ തന്നോട് ഉപദേശം ചോദിച്ചെന്നാണ് അൻവറിന്റെ മറ്റൊരു അവകാശവാദം.

ലോകമെമ്പാടും സമാനമായ ഒരു മാതൃക താൻ കണ്ടിട്ടുണ്ടെന്നും സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് കാരണം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. ചെറുപ്പക്കാർ കഷ്ടപ്പെടുന്നു. കുടുംബങ്ങൾ മോശമായ അവസ്ഥയിലാണ്. ദമ്പതികൾ വഴക്കിടുന്നു. സ്ത്രീകളെ പണത്തിന് വേണ്ടി ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്തിന്റെ മോശം അവസ്ഥയാണ്.'- സയീദ് അൻവർ കൂട്ടിച്ചേർത്തു.

"സമൂഹത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എന്നെ വിളിച്ചുചോദിച്ചത്. സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ സംസ്‌കാരം നശിച്ചതായി ഒരു ഓസ്‌ട്രേലിയൻ മേയർ എന്നോടു പറഞ്ഞിട്ടുണ്ട്." സയീദ് അൻവർ അവകാശപ്പെട്ടു.

രാജ്യത്ത് തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് വിവാഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടുകൾ നോക്കി ജീവിക്കാൻ തീരുമാനിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയിൽ സയീദ് പറയുന്നുണ്ട്. അതേസമയം, വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

55 വയസ്സുകാരനായ സയീദ് അൻവർ പാക്കിസ്ഥാനു വേണ്ടി 247 ഏകദിന മത്സരങ്ങളും 55 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 2003 മാർച്ചിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിച്ചത്.