ന്യൂഡൽഹി: തനിക്ക് ഒരു കാമുകിയെ വേണമെന്നും, പെൺസുഹൃത്തിനെ കണ്ടെത്താൻ സഹായിക്കണമെന്നുമുള്ള യുവാവിന്റെ ആവശ്യത്തിന് മറുപടിയുമായി ഡൽഹി പൊലീസ്. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു യുവാവ് ഡൽഹി പൊലീസിന് മുന്നിൽ ആവശ്യം ഉന്നയിച്ചത്. ശിവം ഭരദ്വാജ് എന്നയാളാണ് ഡൽഹി പൊലീസിനോട് അഭ്യർത്ഥന നടത്തിയത്. ചോദ്യത്തിന് ഡൽഹി പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

"എനിക്കൊരു കാമുകിയെ വേണം. കാമുകിയെ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളിൽ നിന്ന് മറുപടി ലഭിക്കുന്നത്"- യുവാവ് കുറിച്ചു. വൈകാതെ തന്നെ മറുപടിയുമായി പൊലീസും രംഗത്തെത്തി.

"സാർ, യഥാർഥത്തിൽ നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കിൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് പച്ച സിഗ്‌നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ" എന്നായിരുന്നു പൊലീസിന്റെ മറുപടി. എക്‌സിൽ ഡൽഹി പൊലീസ് പുകയില വിരുദ്ധ പോസ്റ്റർ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് യുവാവ് കമന്റുമായി എത്തിയത്.