ഹൈദരാബാദ്: റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇല്ലാത്തതിന് ജില്ലാ കലക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തെലങ്കാനയിലെ കാമറെഡ്ഢി ജില്ലാ കലക്ടർ ജിതേഷ് പാട്ടിൽ ആണ് ധനമന്ത്രിയുടെ രോഷ പ്രകടനം ഏറ്റുവാങ്ങേണ്ടിവന്നത്.

ബിജെപിയുടെ ലോക്സഭാ പ്രവാസ് യോജനയുടെ ഭാഗമായാണ് നിർമല സീതാരാമൻ സഹീറാബാദ് മണ്ഡലത്തിൽ എത്തിയത്. ഇവിടെ റേഷൻ കടയിൽ സന്ദർശനം നടത്തിയ മന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതെന്ന് കലക്ടറോട് ആരായുകയായിരുന്നു. ജനങ്ങൾക്കു സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അരിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് കലക്ടറോട് മന്ത്രി ചോദിച്ചു. ഇതിന് ലഭിച്ച മറുപടിയിൽ വ്യക്തതയില്ലാതെ വന്നപ്പോൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിൽ വച്ചു തന്നെ മന്ത്രി കലക്ടറോട് അതൃപ്തിയോടെ സംസാരിച്ചു. ഇതിന്റെ വിഡിയോ മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഒരു രൂപയ്ക്കാണ് റേഷൻ കടയിൽ അരി വിൽക്കുന്നത്. പൊതു വിപണിയിൽ ഇതിന് 35 രൂപയാണ് വില. സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന അരിയിൽ സംസ്ഥാനത്തിന്റെ വിവിഹം എത്രയാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

 

സബ്സിഡി അരിയിൽ 30 രൂപയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാലു രൂപയാണ് ഇതിൽ സംസ്ഥാനത്തിന്റെ വിഹിതം. കടത്തുകൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുന്നത് കേന്ദ്രമാണ്. ഇത് അർഹർക്കു തന്നെയാണോ ലഭിക്കുന്നത് എന്നറിയാനാണ് താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അര മണിക്കൂറിനകം താൻ മാധ്യമങ്ങളെ കാണും. അതിനകം മറുപടി ലഭിക്കണമെന്നും മന്ത്രി കലക്ടറോടു പറഞ്ഞു.

ഭക്ഷ്യധാന്യത്തിൽ സിംഹഭാഗവും കേന്ദ്രമാണ് വഹിക്കുന്നത്. എന്നിട്ടും റേഷൻ കടയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തത് എന്തുകൊണ്ടെന്ന് മന്ത്രി ആരാഞ്ഞു. ഇത്തരമൊരു നിർദ്ദേശം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. എന്നിട്ടും ചിത്രം വച്ചിട്ടില്ല. ബിജെപി പ്രവർത്തകർ ചിത്രവുമായി വരുമെന്നും അത് സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല കലക്ടർക്കാണെന്നും നിർമല സീതാരാമൻ അറിയിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ടിആർഎസും സംസ്ഥാന മന്ത്രിമാരും രംഗത്തുവന്നു. ഉന്നത പദവിയിൽ ഇരിക്കുന്നവർ ഇത്തരത്തിൽ സ്വയം ചെറുതാവരുതെന്ന് മന്ത്രി ടി ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടു.