കൊച്ചി: ഇടവേളക്ക് ശേഷം നിവിൻ പോളി ശക്തമായി തിരിച്ചെത്തിയ ചിത്രമാണ് പടവെട്ട്. നിവിൻ നായകനായ 'പടവെട്ട്' സിനിമക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ വിജയിച്ചെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ചിത്രത്തിന്റെ വിജയാഘോഷം ദീപാവലി ദിനത്തിൽ കൊല്ലം പാരിപ്പള്ളി രേവതി തീയറ്ററിൽ വെച്ച് നടന്നു. നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്ണ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. നിരവധി ആരാധകരാണ് പ്രിയ താരത്തെ കാണുവാൻ തീയറ്ററിൽ എത്തിയത്. പ്രേക്ഷകരോട് നന്ദി പറഞ്ഞ നിവിൻ മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും പറഞ്ഞു.

മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രം മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ നിവിൻ പോളിയുടെ കരിയറിലെ തന്നെ മറ്റൊരു മെഗാഹിറ്റിലേക്കാണ് മുന്നേറുന്നത്.

നെറ്റ്ഫ്‌ളിക്സാണ് വലിയൊരു തുകയ്ക്ക് ചിത്രത്തിന്റെ ഒ ടി ടി അവകാശം നേടിയത്. സൂര്യ ടിവിയാണ് സാറ്റ്ലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ഏകദേശം 12 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഓവർസീസ് റൈറ്റും വലിയ തുകയ്ക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം.