ഇടുക്കി: ജനവാസമേഖലയിൽ ഭീതി പരത്തുന്ന ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' ദൗത്യം നിർത്തിവയ്ക്കാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെ പരിഹസിച്ച് സിപിഎം നേതാവ് എം എം മണി. 'സ്വന്തമായി വക്കീലൊക്കെ ഉള്ളയാളാണ്. വല്യ പിടിപാടുള്ള കക്ഷിയാണ് . 11 പേരെ കൊന്ന കക്ഷിയാണ്. പക്ഷേ കക്ഷിയോടുള്ള ബഹുമാനം കൂടിയതുകൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ല' എന്നാണ് എംഎം മണിയുടെ പരിഹാസം.

രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഫയൽ ചെയ്ത പൊതു താൽപര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. ഈ മാസം 29നാണ് കേസ് വീണ്ടും പരിഗണിക്കുക. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

അരിക്കൊമ്പനെ പിടികൂടാനുള്ള ഒരുക്കങ്ങൾ ഇടുക്കിയിൽ പൂർത്തിയായിട്ടുണ്ട്. അതേസമയം ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പ് അരിക്കൊമ്പൻ തകർത്തു. അരിക്കൊമ്പൻ ഒരാഴ്ചയിലധികമായി തമ്പടിച്ചിരുന്ന പെരിയ കനാൽ എസ്റ്റേറ്റിലെ ചോലക്കാടിനു താഴെ ദേശീയ പാതയിലാണ് ജീപ്പ് തകർത്തത്. പൂപ്പാറ സ്വദേശികളായ നാല് പേരാണ് ജീപ്പിലുണ്ടായിരുന്നത്. പുറകോട്ടെടുത്ത ജീപ്പിന്റെ പിൻചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ ജീപ്പ് വലിച്ച് റോഡിന് കുറുകെയിട്ടു. ജീപ്പിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകളേറ്റു. കാട്ടാനയുടെ പിടിയിലകപ്പെടാതെ തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.

ആക്രമണശേഷം കൊമ്പൻ ആനയിറങ്കൽ അണക്കെട്ട് കടന്ന് ദൗത്യ മേഖലക്ക് അടുത്തെത്തിയിട്ടുണ്ട്. വനപാലകർ കൊമ്പനെ നിരീക്ഷിച്ചു വരുകയാണ്. തിരികെ പെരിയ കനാൽ എസ്റ്റേറ്റിലേക്ക് പോകുന്നത് തടയാൻ കുങ്കിയാനകളെ ഉപയോഗിക്കും. 29-ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കൂ. അതേസമയം മുത്തങ്ങയിൽ നിന്നെത്തിയ കുങ്കിയാനകളെ കാണാൻ ജനം കൂട്ടത്തോടെ എത്തി തുടങ്ങിയതോടെ വനംവകുപ്പ് ആനകൾക്ക് അടുത്തേക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്.