കോഴിക്കോട്: എല്ലാവരും വേട്ടയാടിയപ്പോൾ പോലും കെ. കരുണാകരന്റെ കുടുംബം അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ലെന്ന് പത്മജ വേണുഗോപാൽ. കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ ഒന്നടങ്കം, സിനിമ-മിമിക്രി കലാകാരന്മാർ ഒന്നടങ്കം അച്ഛനെയും കുടുംബത്തെയും മാത്രമായി ഒറ്റ തിരിഞ്ഞ് ഒരു കാലത്ത് വേട്ടയാടിയപ്പോൾ പോലും ഒരു അസഹിഷ്ണുതയും തങ്ങൾ ആരോടും പ്രകടിപ്പിച്ചിരുന്നില്ലെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

തന്റെ കുടുംബത്തിന് നേരെ മുമ്പുണ്ടായ വേട്ടയാടലുകൾ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പോലും ഇടയാക്കിയിട്ടുണ്ടെന്നും പത്മജ പറയുന്നു. തന്റെ പേരിലുള്ള ഫേസ്‌ബുക്ക് പേജ് സ്വന്തമായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വിശദീകരിച്ച് എഴുതിയ കുറിപ്പിലാണ് പത്മജയുടെ വിമർശനം.

രാഷ്ട്രീയ പോസ്റ്റുകളിൽ ആരെയും വ്യക്തിഹത്യാപരമായി അധിക്ഷേപിച്ച് എഴുതാറില്ലെന്നും വ്യക്തിഹത്യാപരമായ വാർത്തകൾ ഫേസ്‌ബുക്കിൽ ഇടാറില്ലെന്നും അവർ പറയുന്നു. എതിർ കമന്റുകളും പരിഹാസങ്ങളും അസഹിഷ്ണുതയോ ശത്രുതയോ ഉണ്ടാക്കുന്നില്ല, കാരണം ഞാൻ കെ. കരുണാകരന്റെ മകളാണ്... -പത്മജ പറയുന്നു.

പത്മജയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

ഞാൻ കോൺഗ്രസ്സുകാരി.. എന്റെ രാഷ്ട്രീയ പോസ്റ്റുകൾ ഓരോ വിഷയത്തിലും എന്റെ പാർട്ടി നിലപാട് വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചാണ് ഞാൻ തയ്യാറാക്കുന്നത്... എതിർ പാർട്ടിക്കാർക്ക് അവരുടെ പാർട്ടിക്കെതിരായ വിമർശനാത്മകമായ പോസ്റ്റുകൾ ഇഷ്ടപ്പെടണം എന്നില്ല...

ഞാൻ തന്നെയാണ് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നത് എന്റെ എല്ലാ പോസ്റ്റുകളും..( നിയമസഭ ഇലക്ഷൻ സമയത്ത് തിരക്ക് മൂലം എന്റെ പേജ് പാർട്ടിക്കാർ കൈകാര്യം ചെയ്തിരുന്നു...).. ഇപ്പോൾ പാർട്ടി പരിപാടികൾക്കിടെ സമയം കിട്ടുമ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ഇടുന്നു.

പറയാൻ കാരണം എതിർ പാർട്ടിക്കാർക്ക് ഇഷ്ടപ്പെടാത്ത പോസ്റ്റുകൾ കാണുമ്പോൾ അവർ കമന്റ് എഴുതുന്നത് കാണാം 'ആരാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത്, പത്മജ ഇതു വല്ലോം അറിയുന്നുണ്ടോ എന്ന്....' അങ്ങനെയുള്ളവരുടെ തെറ്റിദ്ധാരണ മാറാൻ ആണ് ഞാൻ ഇത് പറഞ്ഞത്...

എന്റെ രാഷ്ട്രീയ പോസ്റ്റുകളിൽ ആരെയും വ്യക്തിഹത്യാപരമായി അധിക്ഷേപിച്ചു ഞാൻ എഴുതാറില്ല.. വ്യക്തിഹത്യ പരമായ വാർത്തകളും ഇടാറില്ല...

എതിർ കമന്റുകളും എന്നെ ഉള്ള പരിഹാസങ്ങളും എനിക്ക് അസഹിഷ്ണുതയോ അവരോട് ശത്രുതയോ ഉണ്ടാക്കുന്നില്ല... കാരണം ഞാൻ കെ കരുണാകരന്റെ മകളാണ്... കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ ഒന്നടങ്കം, സിനിമ, മിമിക്രി കലാകാരന്മാർ ഒന്നടങ്കം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും മാത്രമായി ഒറ്റ തിരിഞ്ഞ് ഒരു കാലത്ത് വേട്ടയാടിയപ്പോൾ പോലും ഒരു അസഹിഷ്ണുതയും ഞങ്ങൾ ആരോടും പ്രകടിപ്പിച്ചിരുന്നില്ല...

ഏകപക്ഷീയമായി മാധ്യമങ്ങളുടെയും കലാകാരന്മാരുടെയും ഞങ്ങളുടെ കുടുംബത്തിന് നേരെ നടന്ന മുമ്പുണ്ടായ വേട്ടയാടലുകൾ എന്റെ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എന്റെ പോസ്റ്റുകളെ വിമർശിച്ച് എതിർ കമന്റ് ഇടുന്നവരെയും എന്നെ പരിഹസിക്കുന്നവരെ പോലും ഞാൻ ബ്ലോക്ക് ചെയ്യാറില്ല..

എന്നോട് അസഹിഷ്ണുത പൂണ്ട് എനിക്കെതിരെ വ്യക്തിഹത്യാപരമായി അധിക്ഷേപ കമന്റുകൾ സ്ഥിരം ഇട്ട അപൂർവ്വം ചിലരെ മാത്രമേ ഞാൻ ബ്ലോക്ക് ചെയ്തിട്ടുള്ളൂ...അവർ ആരൊക്കെയാണെന്ന് ഇപ്പോൾ എനിക്ക് ഓർമ്മയും ഇല്ല.

വിമർശകരോട്, സഭ്യതയുടെ അതിർ വരമ്പ് ലംഘിക്കാത്ത എന്റെ പോസ്റ്റിനോടുള്ള വിമർശനങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു.. എന്റെ അഭിപ്രായങ്ങളോട് യോജിപ്പ് ഇല്ലാത്തവർക്ക് നിങ്ങളുടെ വിമർശന അഭിപ്രായം സ്വതന്ത്രമായി മാന്യമായി പറയാം...

സ്‌നേഹപൂർവ്വം പത്മജ വേണുഗോപാൽ