മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'പഠാനി'ൽ സെൻസർ ബോർഡ് നടത്തിയ വെട്ടിത്തിരുത്തലുകൾക്ക് എതിരെ കടുത്ത വിമർശനം. ചിത്രത്തിൽ പന്ത്രണ്ടു കട്ടുകളും സംഭാഷണങ്ങളിൽ മാറ്റവും നിർദ്ദേശിച്ചുകൊണ്ടുള്ള സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്.

മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രത്തിനെതിരേ ഒട്ടേറെ സംഘടനകൾ പരാതി നൽകിയ പശ്ചാത്തലത്തിലാണ് സെൻസർ ബോർഡ് കട്ടുകൾ നിർദ്ദേശിച്ചത്. നിരവധി സംഭാഷണങ്ങളും വാക്കുകളും ഒഴിവാക്കികൊണ്ടുള്ള മാറ്റങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്.

'റോ' എന്നതിന് പകരം രണ്ടിടത്ത് ഹമാരേ എന്നാക്കിയിട്ടുണ്ട്. 'പ്രധാനമന്ത്രി'യ്ക്ക് പകരം 'പ്രസിഡന്റ്' 'മന്ത്രി' എന്നിങ്ങനെ പതിമൂന്ന് ഇടങ്ങളിൽ മാറ്റി. 'അശോക ചക്ര'യെ വീർ പുരസ്‌കാരമാക്കി രണ്ടിടങ്ങളിൽ മാറ്റി.

സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ അപഹാസ്യമാണെന്ന് സർട്ടിഫിക്കറ്റ് പങ്കുവച്ച് നടി ശ്വേത ധന്വന്തരി കുറിച്ചു. 'എന്തു കാണണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രേക്ഷകർക്കുണ്ട്. അവർക്ക് ഇഷ്ടമല്ലെങ്കിൽ ടിക്കറ്റ് വാങ്ങാതെ അത് പ്രകടിപ്പിക്കാൻ അവരെ അനുവദിക്കൂ. പരിഹാസ്യമായ ഈ സെൻസർഷിപ്പ് മടുത്തു കഴിഞ്ഞു. എന്താണിത്.'- ശ്രേയ കുറിച്ചു.

'പഠാനി'ലെ ആദ്യഗാനമായ 'ബേഷരം രംഗി'ൽ ദീപിക അണിഞ്ഞ വസ്ത്രത്തെ ചുവടു പിടിച്ച് വലിയ വിവാദങ്ങളായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഗാനത്തിൽ ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനിയായിരുന്നു പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. ഈ ഗാനത്തിനെതിരേ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതിന് പിന്നാലെ 'പഠാൻ' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ രംഗത്തെത്തി.

വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഇവർ പറഞ്ഞത്. ഗാനരംഗത്തിൽ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്.

സിദ്ധാർഥ് ആനന്ദാണ് 'പഠാൻ' സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലൻ. ജനുവരി 25-ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.