ണിരത്നം ചിത്രം 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം ബോക്‌സോഫീസുകളിൽ വൻ വിജയമായി മാറുന്നു.റിലീസ് ചെയ്ത് രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം ആഗോള തലത്തിൽ 150 കോടിയിലധികമാണ് വാരി കൂട്ടിയിരിക്കുന്നത്.തമിഴ്‌നാട്ടിൽ നിന്നും മാത്രം 50 കോടിയിലധികമാണ് സെൽവന്റെ കളക്ഷൻ.ലോകമെമ്പാടും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നതിന്റെ തെളിവാണ് കളക്ഷൻ റെക്കോഡെന്നാണ് പല സിനിമാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

മികച്ച ഓപ്പണിങ് കളക്ഷനായിരുന്നു സിനിമയ്ക്ക് ആദ്യദിനം തന്നെ ലഭിച്ചത്. 80 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. രണ്ടാം ദിനമായ ഇന്നലെ 70 കോടിയിലധികമാണ് പൊന്നിയിൻ സെൽവന്റെ ആഗോള തലത്തിലെ നേട്ടം. 24.5 കോടിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടാം ദിന കളക്ഷൻ.കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ മൂന്ന് കോടിയിലധികം കളക്ഷൻ കേരളത്തിൽ സ്വന്തമാക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തിൽ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ. ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവൽ ആസ്പദമാക്കിയാണ് മണിരത്‌നം ഒരുക്കിയിരിക്കുന്നത്.പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എകസ് വർക്കുകൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

500 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിൽ ചിയാൻ വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻ താരനിരയാണുള്ളത്.