- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, എവിടെയാണോ എന്തോ'; ഗുലാം നബി ആസാദിന്റെ രാജിയിൽ ട്രോളുമായി പി വി അൻവർ; വിക്കറ്റ് എണ്ണി എണ്ണി പാവത്തിന്റെ നടുവൊടിയുന്നുണ്ടെന്നും പരിഹാസം
നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ ട്രോളുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. കഴിഞ്ഞ സഭയിൽ വിക്കറ്റ് എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു തനിക്കെന്നും എവിടെയാണോ എന്തോ എന്നുമാണ് അൻവർ ഫേസ്‌ബുക്കിൽ കുറിച്ചത്. വിക്കറ്റ് വിളിക്കുന്ന അമ്പയറുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റിൽ വിക്കറ്റ് എണ്ണി എണ്ണി പാവത്തിന്റെ നടുവൊടിയുന്നുണ്ടെന്നും പി വി അൻവർ പരിഹസിച്ചു.
കലാപക്കൊടി ഉയർത്തിയ ശേഷമാണ് കോൺഗ്രസിന്റെ തല മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് പടിയിറങ്ങിയത്. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളിൽ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു.
കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്റെ വിമർശനം. ഏറെ നാളുകൾ നീണ്ട അസ്വാരസ്യങ്ങൾക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി. അതേസമയം, ഗുലാം നബിക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നാണ് സൂചനകളാണ് പുറത്ത് വരുന്നത്. ജമ്മുകശ്മീരിലെ മുൻ എംഎൽഎമാർ കൂടിയായ അഞ്ച് കോൺഗ്രസ് നേതാക്കൾ ഇതിനകം രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. മുൻ മന്ത്രി ജി എം സരുരി, അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് ഏറ്റവും ഒടുവിലായി രാജി പ്രഖ്യാപിച്ചത്.
ഗുലാം നബി ആസാദിന്റെ വസതിയിൽ വച്ചാണ് രാജി പ്രഖ്യാപനമുണ്ടായത്. ഗുലാം നബിക്കൊപ്പം കൂടൂതൽ നേതാക്കളും പ്രവർത്തകരും രാജിവെച്ച് പുറത്തേക്ക് പോകും.അടുത്ത ആഴ്‌ച്ച ഗുലാം നബിയെ അനുകൂലിക്കുന്നവർ ഒത്തു ചേരും.പുതിയ പാർട്ടി പ്രഖ്യാപനത്തിൽ തീരുമാനം ഗുലാം നബിയുടെതാകുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു
മറുനാടന് മലയാളി ബ്യൂറോ