തിരുവനന്തപുരം: എലിസബത്ത് രാജ്ഞിയുടെ വിയോഗ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. കൊളോണിയൽ കാലത്ത് നിലനിന്ന അധികാര അവകാശങ്ങൾ അടക്കമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്‌കോട്ട്‌ലൻഡിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിലാണ് രാജ്ഞി വിടവാങ്ങിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി.

ബുധനാഴ്ചയോടെ രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവസാന സമയത്ത് കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു.

എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സിലാണ് സ്‌കോട്ട്ലൻഡിലെ ബാൽ മോറൽ കൊട്ടാരത്തിൽവച്ച് ലോകത്തോട് വിടപറഞ്ഞത്. ബ്രിട്ടീഷ് രാജാധികാരത്തിന്റെ സവിശേഷാധികാരങ്ങൾ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

പാസ്‌പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി. കാറോടിക്കാൻ ഡ്രൈവിങ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി. അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി. പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി. നികുതി വേണ്ടാത്ത വ്യക്തി. സ്വകാര്യ എടിഎം ഉള്ള വ്യക്തി. ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി. ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവൻ. ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരമുള്ള വ്യക്തി. പ്രതിവർഷം 70000 ഓളം കത്തുകൾ ലഭിക്കുന്ന വ്യക്തി.
യുകെയിലെ എല്ലാ അരയന്നങ്ങളുടെയും,തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥ. ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി.... ഇങ്ങനെ പോകുന്നു വിശേഷണങ്ങൾ.

ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു. മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന. ആനയും, പശുവും, മുതലയും, ജാഗ്വറും, കങ്കാരുവും സമ്മാനമായി ലഭിക്കുന്ന വ്യക്തി. 130 ഓളം ഛായാ ചിത്രങ്ങൾ ഉള്ള വ്യക്തി. രാജ്ഞി മരിക്കുന്ന ദിവസം ഡി ഡേ എന്നും തുടർന്നുള്ള 10 ദിവസങ്ങൾ ഡി പ്ലസ് വൺ ഡി പ്ലസ് ടു എന്നും അറിയപ്പെടും. ബ്രിട്ടീഷ് ദേശീയഗാനവും ദേശീയ കറൻസിയും മാറ്റും. ഗോഡ് സേവ് ദി ക്യൂൻ എന്നത് ഗോഡ് സേവ് ദി കിങ് എന്നാവും. പുതിയ കറൻസിയിൽ രാജ്ഞിക്ക് പകരം രാജാവാകും. സൈനികർക്കും പൊലീസുദ്യോഗസ്ഥർക്കും പുതിയ യൂണിഫോം ആവശ്യമായി വരും. ബ്രിട്ടീഷ് പാസ്‌പോർട്ടിലും തപാൽ സ്റ്റാമ്പുകളിലും മാറ്റം വരും. രാജ്യത്തെ തപാൽ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും.

മരിക്കുമ്പോൾ 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ' എന്ന ഔദ്യോഗിക കോഡ് ഭാഷയിലൂടെ പ്രധാനമന്ത്രിയെ അറിയിക്കണമെന്നായിരുന്നു 'ഓപ്പറേഷൻ യൂണികോൺ' തീരുമാനം.
സ്‌കോട്ട്‌ലന്റിന്റെ ദേശീയ മൃഗമാണ് യൂണികോൺ. ഏഴ് പതിറ്റാണ്ടിലധികം. 32 ഓളം രാജ്യങ്ങളുടെ. കാനഡയുടെയും ഓസ്‌ട്രേലിയയുടെയും സൗത്താഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും രാജ്ഞി. സംഭവ ബഹുലമായ ജീവചരിത്രം. ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച വ്യക്തി. ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവൻ. 34 രാജ്യങ്ങളിലെ കറൻസികളിൽ മുഖമുള്ള വ്യക്തി. അവരുടെ കാലയളവിൽ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. 13 അമേരിക്കൻ പ്രസിഡണ്ടുമാർ, വിവിധ മാർപാപ്പകൾ അങ്ങനെ നിരവധി ലോക നേതാക്കൾ. എലിസബത്ത് രാഞ്ജിയുടെ കാലഘട്ടത്തെ സാമൂഹ്യ മാധ്യമങ്ങളിൽ അടയാളപ്പെടുത്തുന്നത് ഇങ്ങനെ.

ഒരു കാലഘട്ടത്തെ നിർവചിച്ച വ്യക്തിയെന്നാണ് എലിസബത്ത് രാജ്ഞിയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുശോചനക്കുറിപ്പിൽ പറഞ്ഞത്. തന്റെ പദവിയോട് നീതി പുലർത്തിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ പറഞ്ഞത്. . ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അനുശോചന സന്ദേശത്തിൽ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചത്.