കൊച്ചി: നടൻ ദിലീപിന് ഒപ്പമുള്ള ഫോട്ടോയും, കൗതുകരമായ കുറിപ്പും പങ്കുവച്ച് രാഹുൽ ഈശ്വർ. ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി.

റഷ്യ-യുക്രെയിൻ യുദ്ധത്തിന് കാരണക്കാരനായ, സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ ... ഒരു സാധു മനുഷ്യനെ കണ്ടുമുട്ടി.'- എന്നാണ് ചിത്രത്തിന് രാഹുൽ ഈശ്വർ നൽകിയ അടിക്കുറിപ്പ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിക്കാറുള്ള വ്യക്തിയാണ് രാഹുൽ ഈശ്വർ. ദിലീപിന് ഒപ്പമുള്ള ഫോട്ടോയ്ക്ക് താഴെ താരത്തിന്റെ ആരാധകർ പിന്തുണയുമായി എത്തുന്നുണ്ട്. 'പരിഹസിക്കലുകളും , അവഹേളനങ്ങളും, അസഭ്യവർഷങ്ങളും ഏറ്റുവാങ്ങിയിട്ടും കൈവിടാതെ കൂടെ നിന്ന രാഹുൽ ഈശ്വർ മറക്കില്ല നിങ്ങളെ എന്നും കൂടെ ഉണ്ടാകും..എന്നാണ് മനോജ് പാറയിൽ കുറിക്കുന്നത്. ഇതിന് രാഹുൽ ഈശ്വറിന്റെ മറുപടി ഇങ്ങനെ:

Manoj Parayil Thank you Manoj ji for your kind words. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും പാവം ദിലീപേട്ടൻ എത്ര മാത്രം അനുഭവിച്ചു.. അദ്ദേഹത്തിന് എത്രയും പെട്ടെന്നു ദൈവം നീതി നൽകട്ടെ.

ഒരുതെറ്റും ചെയ്തില്ലെന്ന് ആരുപറഞ്ഞു എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും വെളുപ്പിക്കാൻ വേണ്ടി മെനക്കെടുന്നുണ്ട്. അപ്പോൾ പിന്നെ, അന്താരാഷ്ട്ര പ്രശ്‌നങ്ങളാലുള്ള അലങ്കാര പരാമർശങ്ങളും കൂടി ആയിക്കോട്ടെ ആല്ലേ....എന്നുമറ്റുചിലർ.

ദിലീപിനെ പിന്തുണച്ച് ആദ്യം മുതലേ രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. കേസിൽ വിജയം ദിലീപിന് മാത്രമായിരിക്കും എന്ന് രാഹുൽ മുമ്പ് പലവട്ടം പറഞ്ഞിട്ടുണ്ട്. കാരണം സത്യം ദിലീപിന്റെ പക്ഷത്താണ് എന്നും അന്തിമ വിധി വരുന്നതോടെ ഇത് വരെ പറഞ്ഞു നടന്ന കാര്യങ്ങളിൽ ഒന്നും കാമ്പില്ലെന്നും അവർക്ക് മനസ്സിലാകും എന്നും രാഹുൽ ഈശ്വർ പറയുന്നു.

സിനിമ പോലെയുള്ള ഒരു ഷോ ബിസിനസ്സിൽ നിൽക്കുന്ന വ്യക്തിയാണ് ദിലീപ്. അദ്ദേഹത്തിന്റെ മേൽ ഒരു ബാധ പോലെ നിൽക്കുന്ന ഒന്നാണ് നടിയെ ആക്രമിച്ച കേസ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ജീവിതവും സിനിമയും എല്ലാമുണ്ട്. കേസിന്റെ വിധി വരുന്നതോടെ ഈ ബാധ തീർന്നു കിട്ടുമെന്നും ദിലീപിന്റെ ഭാഗത്തെ ന്യായവും സത്യവും ജയിക്കുന്നതോടെ എല്ലാവിധ പരിവേഷങ്ങളുമായി നായകൻ തിരിച്ചു വരും എന്നും രാഹുൽ ഈശ്വർ പ്രതീക്ഷ പുലർത്തുന്നു.

നിലവിൽ ദിലീപിനെതിരായ തെളിവുകൾ ഇതു വരെ പൊതുസമൂഹത്തിന് മുന്നിൽ പുറത്തു വന്നിട്ടില്ല. ഏതെങ്കിലും രീതിയിൽ ഈ കേസിന് ഒരു അവസാനം ഉണ്ടാവുന്നത് പലരും ഭയക്കുന്നുണ്ട്. അവർക്ക് പരാജയം നേരിടാൻ ഉള്ള മടിയാണ്. എന്തൊക്കെ പറഞ്ഞാലും ഇതിനൊരു അവസാനം വേണം എന്നും രാഹുൽ ഈശ്വർ മുമ്പ് പറഞ്ഞിട്ടുണ്ട്.