ന്യൂഡൽഹി: ചരക്കുലോറിയിൽ ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ടറിയാൻ ഡൽഹിയിൽ നിന്ന് ചണ്ഡിഗഢ് വരെ ട്രക്ക് ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കോൺഗ്രസ് ട്വീറ്ററിലൂടെ പുറത്തുവിട്ടു. ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിനായാണ് രാഹുൽ അവർക്കൊപ്പം യാത്ര ചെയ്തതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ഡ്രൈവർക്കൊപ്പം മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന രാഹുലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. രാഹുലിനെ കണ്ട് മറ്റ് വാഹനയാത്രക്കാർ കൈവീശി കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

'രാഹുൽ ഡൽഹിയിൽ നിന്ന് ചണ്ഡിഗഢ് വരെ ട്രക്കിൽ സഞ്ചരിച്ചു. രാജ്യത്ത് 90 ലക്ഷം ട്രക്ക് ഡ്രൈവർമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവരുടെ പ്രശ്നങ്ങൾ അറിയുന്നതിനായാണ് രാഹുൽ ചരക്കുലോറിയിൽ യാത്ര ചെയ്തത്.'- കോൺഗ്രസ് ട്വീറ്റിലൂടെ പറഞ്ഞു. 'ജനങ്ങളെ കേൾപ്പിക്കുന്നവനല്ല, അവരെ കേൾക്കുന്നവനാണ് ലീഡർ.' എന്നാണ് വീഡിയോ പങ്കുവച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറഞ്ഞത്.

''മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 90 ലക്ഷം ഡ്രൈവർമാരാണ് ഇന്ത്യയിലെ നിരത്തുകളിൽ വാഹനം ഓടിക്കുന്നത്. അവർക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. രാഹുൽ അവരുടെ മൻ കി ബാത്ത് കേട്ടു'' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയെ പരിഹസിച്ച് കൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തു. തികച്ചും അപ്രതീക്ഷിത നീക്കമാണിതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പൊതുജനസമ്പർക്കം വർധിപ്പിക്കുന്നതിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്ക് അമ്മ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി യാത്ര ചെയുന്നതിനിടെയാണ് രാഹുൽ ട്രക്കിൽ യാത്ര നടത്തിയത്. ഹരിയാനയിലെ സോനിപട്ടിലെ ഒരു ധാബയിൽ വച്ചാണ് രാഹുൽ ചരക്കുലോറി ഡ്രൈവർമാരെ കണ്ടുമുട്ടിയത്. ഇവരുമായി സംസാരിച്ച് അംബാല വരെ ലോറിയിൽ പോകുന്നതിന് രാഹുൽ തീരുമാനിക്കുകയിരുന്നു. അതിനിടയിൽ അവരുടെ ജോലിയെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അവരോട് സംസാരിച്ചു.