- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്നേഹസമ്മാനമായി നൽകിയ പേന നിധി പോലെ കാത്തുസൂക്ഷിക്കും; ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചവരായിരിക്കുക എന്നതിന് എല്ലാവർക്കും മാതൃകയാണ് അദ്ദേഹം'; എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
മലപ്പുറം: ആയുർവേദ ചികിത്സകൾക്കായി കോട്ടക്കൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി. ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരെ സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ചിത്രം പങ്കുവച്ചത്.
രാഹുലിന് എം ടി. സ്നേഹസമ്മാനമായി ഒരു പേന നൽകുകയും ചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. എം ടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ച രാഹുൽ, എം ടിയുടെ വിശ്രുതചിത്രമായ നിർമ്മാല്യത്തെയും ഏറെ വിഖ്യാതമായ നോവൽ രണ്ടാമൂഴത്തെയും പരാമർശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചർച്ചയിൽ കടന്നുവന്നു.
'ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരുമായി കോട്ടക്കലിൽ വച്ച് കൂടിക്കാഴ്ച നടത്താനായി. അദ്ദേഹത്തിൽ നിന്ന് ഒരു പേന ലഭിച്ചു. അത് ഞാൻ എന്നെന്നും കാത്തുസൂക്ഷിക്കുന്ന നിധിയായിരിക്കും.90-ാം വയസിലും നവോഥാന നായകന്റെ അസാധാരണമായ വൈദഗ്ധ്യം അദ്ദേഹത്തിന്റെ കണ്ണുകളിൽ തിളങ്ങി. അത് പ്രിയങ്കരവും പ്രചോദനാത്മകവുമാണ്. ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചവരായിരിക്കുക എന്നതിന് എല്ലാവർക്കും മാതൃകയാണ് അദ്ദേഹം' - രാഹുൽ ഗാന്ധി കുറിച്ചു.
എല്ലാ വർഷവും കർക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം ടി. കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. പതിനാലു ദിവസമാണ് ചികിത്സ. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് രാഹുൽ ഗാന്ധി ചികിത്സയ്ക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. മുട്ടു വേദനയ്ക്കുള്ള ആയുർവേദ ചികിത്സ തേടുന്ന രാഹുൽ ജൂലായ് 29 വരെ കോട്ടക്കലിൽ തുടരും. പ്രിയങ്കാ ഗാന്ധിയും കോട്ടക്കലിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അടുത്തിടെയാണ് എംടി വാസുദേവൻ നായർ നവതി ആഘോഷിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എംടിയുടെ കോഴിക്കോട്ടെ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചിരുന്നു. എളമരം കരീം എംപി, സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ എന്നിവരും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മലയാളത്തിന്റെ മഹാ സാഹിത്യകാരന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ സന്ദേശത്തിൽ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ