ഗുൽമാർഗ്: ഭാരത് ജോഡോ യാത്രയുടെ ക്ഷീണം തീർക്കാൻ രാഹുൽ ഗാന്ധി കശ്മീരിൽ അവധിക്കാലം ആസ്വദിക്കാൻ എത്തി. തന്റെ മണ്ഡലമായ വയനാട്ടിലെ സന്ദർശനത്തിന് പിന്നാലെയാണ് ജമ്മു-കശ്മീരിലെ പ്രശസ്ത സ്‌കീയിങ് വിനോദ കേന്ദ്രമായ ഗുൽമാർഗിലെത്തിയത്. മഞ്ഞിൽ രാഹുൽ സ്‌കീയിങ് നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിൽ ചിലർ പങ്കുവച്ചു.

As a reward, Rahul Ji treating himself to a perfect vacation in Gulmarg after successful #BharatJodoYatra.#RahulGandhi@RahulGandhi pic.twitter.com/DDHCDluwCC

- Farhat Naik (@Farhat_naik_) February 15, 2023

സ്‌കീയിംഗിന് പുറമേ ഗുൽമാർഗിലെ പ്രസിദ്ധമായ ഗൊണ്ടോള കേബിൾ കാർ സവാരിയും രാഹുൽ നടത്തി. രണ്ട് ദിവസത്തെ വ്യക്തിപരമായ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി താഴ്‌വരയിൽ എത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഗുൽമാർഗിലെ സ്‌കീയിങ് റിസോർട്ടിലേക്ക് തിരിക്കും മുമ്പ് തങ്മാർഗ് പട്ടണത്തിൽ രാഹുൽ വിശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ശ്രീനഗറിൽ നിന്ന് 52 കിലോമീറ്റർ അകലെയാണ് ഗുൽമാർഗ്.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. നമസ്‌കാർ എന്നു മാത്രം പ്രത്യഭിവാദ്യം ചെയ്തു. ചില വിനോദ സഞ്ചാരികൾക്കൊപ്പം സെൽഫി എടുക്കാനും തയ്യാറായി. കശ്മീരിൽ ഒരു സ്വകാര്യ ചടങ്ങിലും അദ്ദേഹം പങ്കെടുക്കുമെന്ന് അറിയുന്നു. ഭാരത് ജോഡോ യാത്രയിൽ 4080 കിലോമീറ്ററാണ് രാഹുൽ കാൽനടയയായി താണ്ടിയത്.