തിരുവനന്തപുരം: നിയമഭയിലെ വാഴപ്പിണ്ടി പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള തർക്കത്തിനിടെ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ക്ലിഫ് ഹൗസിൽ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നിൽക്കുന്നത് കണ്ടിട്ടാകും നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുള്ളതാണെന്ന് തെറ്റിദ്ധരിച്ചത് എന്നാണ് രാഹുലിന്റെ വിമർശനം

പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന സഭയിൽ പരാമർശം നടത്തിയ റിയാസിന് പ്രതിപക്ഷ നേതാവ് മറുപടി നൽകിയത്, മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രി സ്ഥാനം ലഭിച്ചയാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ അവകാശമില്ലെന്നായിരുന്നു. ഇതിന് റിയാസും മറുപടിയായി എത്തി. വി.ഡി സതീശന് പിൻവാതിൽ വഴി പ്രതിപക്ഷ നേതാവായതിന്റെ ഈഗോയാണെന്നും, അരമണിക്കൂർ പോലും ജയിലിൽ കിടന്നിട്ടില്ലാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗമറിയില്ലെന്നും റിയാസ് തിരിച്ചടിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''റിയാസ് മന്ത്രി ....
താങ്കൾ ഇന്ന് പറയുന്നത് കേട്ടു 'പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.'
നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല....
എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളതുകൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും.
പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്‌സ്....''