കോഴിക്കോട്: മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് 'കൊറച്ച് കഞ്ഞി എടുക്കട്ടെ' എന്നാണ് രാഹുൽ പ്രതികരിച്ചത്.

രാഹുലിന്റെ എഫ്.ബി പോസ്റ്റ്
BGM ഇടാൻ പറ്റിയ മാസ്സ് മറുപടിയുമായി പിണറായി ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട്...

എന്താണ് മറുപടി

'ഇവിടെ തണുപ്പാണല്ലേ'

വൗ ... 'കൊറച്ച് കഞ്ഞി എടുക്കട്ടെ' -

ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദം സിപിഎമ്മിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ പിണറായി വിജയനോട് മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം ആരാഞ്ഞത്. ജയരാജൻ വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.

ഇതിനാണ് 'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്ന് നേർത്ത ചിരിയോടെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തരോട് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈയിൽ സിപിഐ നേതാവ് ആനിരാജക്കെതിരെ മുൻ മന്ത്രി കൂടിയായ എം.എം. മണി നടത്തിയ വിവാദ പരാമർശത്തിൽ പിണറായി വിജയനോട് ഡൽഹിയിലെ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞിരുന്നു. അന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടതായി പോലും നടിക്കാതെ 'ഡൽഹിയിൽ നല്ല മഴ വന്നല്ലോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണം ചൂടുപിടിച്ച ചർച്ചയായിരിക്കെയാണ് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ നടക്കുന്നത്. പാർട്ടിയെ പരിക്കേൽപിച്ച വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം നേതാക്കളുമായി ചർച്ച ചെയ്‌തെന്നാണ് വിവരം. കൂടാതെ ഇന്നത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിലും വിഷയത്തിന്മേൽ ചർച്ച നടക്കും.

അതേസമയം, വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ല. കേന്ദ്ര കമ്മിറ്റിയുടെ പരിശോധനക്ക് വിടുന്ന തീരുമാനം പി.ബി കൈക്കൊള്ളാനാണ് സാധ്യത. ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം ഉൾപ്പെട്ട സമിതി അതാണെന്നിരിക്കെ, ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ ചർച്ചക്ക് വെക്കും.