ലോസ്ആഞ്ചലോസ്: പതിനാല് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ വീണ്ടും ഓസ്‌കാറിൽ തിളങ്ങുകയാണ്.രണ്ട് പുരസ്‌കാരങ്ങളുമായി ഇത്തവണ ഇരട്ടി മധുരമാണ് ഇന്ത്യക്ക്.ആർ ആർ ആറിൽ ഗാനത്തിനാണ് പുരസ്‌കാരമെങ്കിലും ഓസ്‌കാറിലാകുമ്പോൾ അത് ആ ചിത്രത്തിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും ഒരേ പോലെ അഭിമാനവും ആഹ്ലാദവുമാണ്. ഇത്തരത്തിൽ പുരസ്‌കാരം നേട്ടം ആഘോഷിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

 

സ്വപ്‌നസമാനമായ നേട്ടം കൺമുമ്പിൽ യാഥാർത്ഥ്യമായപ്പോൾ തൊട്ടടുത്തു നിന്നിരുന്ന ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം അവിസ്മരണീയമാക്കിയത്. വേദിയിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ആകാംക്ഷയോടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു നിൽക്കുകയായിരുന്നു രാജമൗലിയും സുഹൃത്തുക്കളും. ആർആർആർ എന്ന് പേര് അവതാരകർ ഉച്ചരിച്ചപ്പോൾ സർവ്വനിയന്ത്രണങ്ങളും വിട്ട് ഒരു കുട്ടിയെപ്പോലെ രാജമൗലി തുള്ളിച്ചാടി.

 

പിന്നാലെ തൊട്ടടുത്തു നിന്നിരുന്ന ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ടായിരുന്നു രാജമൗലി തന്റെ അതിരറ്റ ആഹ്ലാദം പ്രകടിപ്പിച്ചത്.പിറകിലെ സിറ്റിലായിരുന്ന രാജമൗലിയും സംഘവും അതിനുശേഷം സദസിന്റെ മുമ്പിലേക്ക് ഇറങ്ങി.രാജമൗലിയുടെ ഈ ആഹ്ലാദത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.നിരവധി പേരാണ് ഈ വിഡിയോ ഷെയർ ചെയ്യുന്നത്.ഒപ്പം ചിത്രത്തിലെ നായകന്മാരായ രാംചരണും ജുനിയർ എൻടിആറും ആഹ്ലാദം പങ്കിടുന്നതും വീഡിയോയിൽ കാണാം

 

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയിൽ പരിഗണിക്കാതിരുന്ന ആർആർആറിനെ, ഹോളിവുഡ് സിനിമകൾ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയിലേക്ക് രാജമൗലി സ്വന്തം നിലയിൽ അയയ്ക്കുകയായിരുന്നു.ആ തീരുമാനമാണ് ഇന്ത്യയുടെ അഭിമാനനേട്ടത്തിന് കാരണമായതും ഇന്ന് ആഘോഷിക്കപ്പെടുന്നതും