ചെന്നൈ: ഋഷഭ് ഷെട്ടി ചിത്രമായ കാന്താരയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ചിത്രം കണ്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് ഋഷഭ് ഷെട്ടിക്കും നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിനും അഭിനന്ദനം അറിയിച്ചത്.

' അറിവിനെക്കാൾ കൂടുതൽ അജ്ഞാതമായത്'. ഹോംബാലെ ഫിലിംസിനെക്കാൾ നന്നായി സിനിമയിൽ ആർക്കും ഇത് പറയാനാകില്ല. കാന്താര കണ്ട് എനിക്ക് രോമാഞ്ചം വന്നു. തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ് എന്ന നിലയിൽ ഋഷഭ് ഷെട്ടിക്ക് ആശംസകൾ. ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു മാസ്റ്റർ പീസ് തന്നതിന് സിനിമയുടെ അണിയറ പ്രവർത്തകർക്കും മറ്റ് അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ''- രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.

 

സ്വപ്‌നം സഫലമായതുപോലെയാണെന്നും ഗ്രാമീണ കഥകൾ ചെയ്യാൻ തനിക്ക് പ്രചോദനമായത് രജനികാന്ത് ആണെന്നും റിഷഭ് ഷെട്ടി മറുപടി നൽകി.സെപ്റ്റംബർ 30നാണ് കാന്താര തിയറ്ററുകളിൽ എത്തിയത്. കന്നഡയെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.ഇതിനോടകം 200 കോടി ക്ലബിൽ ഇടംനേടിയ കാന്താര ഏറ്റവും കൂടുതൽ പണം വാരിയ കന്നട ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്ത് ആണ്.കെജിഎഫ് പതിപ്പാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഭൂതക്കോലങ്ങളും തെയ്യവും ദൈവത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്.19-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരുന്നു.