കൊച്ചി: മലയാളത്തിലെ പ്രശസ്ത ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. നിരവധി സ്റ്റേജ് ഷോകളും താരം ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥി കൂടിയായിരുന്നു രഞ്ജിനി. ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.


സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. അടുത്തിടെ സഹോദരന്റെ വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് രഞ്ജിനി. ഇപ്പോൾ കടന്നു പോകുന്നത് മിഡ് ലൈഫ് ക്രൈസിസിലൂടെയാണെന്നാണ് രഞ്ജിനി പറയുന്നത്. ഡെയ്ലി വ്‌ളോഗ് വിഡിയോയിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

'പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല. അത്രയും സട്രെസ് നിറഞ്ഞ ഒരു അവസ്ഥയാണ് ഇപ്പോൾ. എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കൺഫ്യൂഷനാണ്. ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിൽ തിരിച്ചുവരേണ്ട. എപ്പോഴും യാത്രകൾ ചെയ്യണം. അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അത് എന്താണെന്ന് വിശദീകരിക്കാൻ അറിയില്ല. ഞാൻ അതിനെ കുറിച്ച് ഗവേഷണം നടത്തി. ഒന്നെങ്കിൽ ഡിപ്രഷൻ. അതല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാൻ കുറേ വായിച്ചപ്പോൾ മിഡ് ലൈഫ് ക്രൈസിസിനു്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തിൽ ഒന്നും അച്ചീവ് ചെയ്തിട്ടില്ല എന്നൊക്കെ തോന്നുന്നു.'-വീഡിയോയിൽ രഞ്ജിനി പറയുന്നു.