- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരണേ; എന്നെ വിസ്മയിപ്പിച്ച ഷുക്കൂർ വക്കീലിന്റെ രണ്ടാം വിവാഹത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മനസ് കൊണ്ട് അദ്ദേഹത്തിന് ഒപ്പം; ആശംസകൾ നേർന്ന് റസൂൽ പൂക്കുട്ടി
ഹോസ്ദുർഗ്: ലോക വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യ ജീവിതത്തിന്റെ 28-ാം വർഷത്തിലാണ് വീണ്ടും വിവാഹിതരായത്. ഇന്ന് രാവിലെ 10.15ന് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരം ഭാര്യയുമായി പുനർവിവാഹം നടത്തിയ ഷുക്കൂറിന് പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി ആശംസകൾ നേർന്നു.
വ്യക്തിത്വത്തിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള ആളാണ് ഷുക്കൂറെന്നും വിവാഹത്തിൽ നേരിൽ പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താൻ അദ്ദേഹത്തിനൊപ്പമുണ്ടെന്നും റസൂൽ പൂക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹൊസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
രണ്ടാം വിവാഹ കാര്യം അഡ്വ.ഷുക്കൂർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ, ഒരുവിഭാഗം വിമർശനവുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹം കൂസലാക്കിയില്ല. പെൺമക്കൾ മാത്രമാണെങ്കിൽ അവർക്ക് മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പൂർണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും രജിസ്റ്റർ വിവാഹം കഴിച്ചത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹത്തിന് മുസ്ലിം പിന്തുടർച്ചാവകാശ നിയമം ബാധമമല്ല.
റസൂൽ പൂക്കുട്ടിയുടെ കുറിപ്പ്
ഷുക്കൂർ വക്കീൽ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങൾ എനിക്ക് അദ്ദേഹത്തിൽ കാണാനാവും. ഒരു അഭിഷകന്റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തിൽ നിന്ന് അറിയാനാവും. പിന്നീട് ഞാൻ സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ തന്റെ ലാളിത്യം കൊണ്ടും അദ്ദേഹം എന്നെ അമ്പരപ്പിച്ചു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തുന്നത് അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല അദ്ദേഹം. ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറൽ മുസ്‌ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ 'രണ്ടാം വിവാഹ'ത്തിൽ എനിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്, ധൈര്യപൂർവ്വമുള്ള ആ നിലപാടിനൊപ്പവും. താങ്കൾക്കും താങ്കൾ 'പുതുതായി വിവാഹം കഴിച്ച' ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരിക.
മറുനാടന് മലയാളി ബ്യൂറോ