ഭോപ്പാൽ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യത്തിനായി ക്ഷേത്രദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർ തിങ്കളാഴ്ച രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിലാണ് പ്രാർത്ഥിക്കാനെത്തിയത്. ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിൽ ചിലരും ക്ഷേത്രത്തിലെത്തിയിരുന്നു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ ഭസ്മ ആരതി നടത്തിയ ശേഷമാണു മടങ്ങിയത്.

ഋഷഭ് പന്തിന്റെ പരുക്കു മാറുന്നതിനായി പ്രാർത്ഥിച്ചെന്ന് ബാറ്റർ സൂര്യകുമാർ യാദവാണു വ്യക്തമാക്കിയത്. ''ഋഷഭ് പന്തിന്റെ തിരിച്ചുവരവ് ടീം ഇന്ത്യയ്ക്കു വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ പരുക്കു ഭേദമാകാൻ ദൈവത്തോടു പ്രാർത്ഥിച്ചു.'' സൂര്യകുമാർ യാദവ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

മധ്യപ്രദേശിലെ ഇൻഡോർ ഹോൽകർ സ്റ്റേഡിയത്തിലാണ് ഇന്ത്യ - ന്യൂസീലൻഡ് പരമ്പരയിലെ മൂന്നാമത്തെ മത്സരം നടക്കേണ്ടത്. രണ്ടാം ഏകദിനത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലൻഡിനെ കീഴടക്കിയത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഡിസംബർ 30-ാം തീയതി പുലർച്ചെയാണ് പന്ത് ഓടിച്ച കാർ ഡൽഹി - ദെഹ്റാദൂൺ ദേശീയപാതയിലെ മംഗളൗരിയിൽ അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ചുകത്തി. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാണ റോഡ്വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാന്നും കണ്ടക്ടർ പരംജീത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ അപകടത്തിൽ പൂർണമായും കത്തിനശിച്ചു.

അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഒന്നര വർഷത്തോളം എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ പൂർണമായും ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. അതിനാൽ ചികിത്സയ്ക്ക് ശേഷവും മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നേക്കും. ഇതോടെ പ്രധാനപ്പെട്ട ടൂർണമെന്റുകൾ ഉൾപ്പെടെ കൂടുതൽ മത്സരങ്ങൾ പന്തിന് നഷ്ടമാകും.

ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നിവ പന്തിന് നഷ്ടമാകുമെന്ന്
ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇതിനുപുറമേ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പകുതിയോളം മത്സരങ്ങളും 2024 ഐ.പി.എല്ലും അടുത്ത വർഷം ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്ത ഏഷ്യാ കപ്പും താരത്തിന് നഷ്ടമായേക്കും.

നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുള്ള പന്ത് ചികിത്സ പൂർത്തിയാകും വരെ അവിടെ തന്നെ തുടരും. അപകടത്തിനു ശേഷം ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ആകാശമാർഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അപകടത്തിൽ പന്തിന്റെ വലത് കാൽമുട്ടിന്റെ ലിഗമെന്റിനേറ്റ പരിക്ക് ഭേദമാകാനാണ് കൂടുതൽ സമയമെടുക്കുക. ഇതിനുപുറമേ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ, നെറ്റി എന്നിവിടങ്ങളിലും താരത്തിന് പരിക്കേറ്റിരുന്നു.

കാൽമുട്ടിലെ ലിഗമെന്റിനേറ്റ പരിക്കിൽ ഇതിനോടകം രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞു. വിക്കറ്റിന് പിന്നിലെ ചടുലമായ നീക്കങ്ങൾക്ക് കാൽമുട്ടിലെ പരിക്ക് ഭേദമാകേണ്ടത് ഏറെ നിർണായകമാണ്. തിരക്കുപിടിച്ച് പരിക്ക് ഭേദമാക്കാനാകില്ലെന്നും ചികിത്സ കഴിഞ്ഞ് കായികക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നും പന്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.