ഡെറാഡൂൺ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒരുമാസത്തിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷം പുറത്തിറങ്ങി നടന്ന് ഇന്ത്യൻ താരം ഋഷഭ് പന്ത്. ശസ്ത്രക്രിയയ്ക്കുശേഷം ക്രച്ചസിന്റെ സഹായത്തോടെയാണ് താരം നടക്കുന്നത്. പന്ത് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഒരടി മുന്നോട്ട്, കരുത്തനായി, ഭേദപ്പെട്ട നിലയിൽ എന്ന അടിക്കുറിപ്പോടെയാണ് പന്ത് ചിത്രങ്ങൾ പങ്കുവച്ചത്. വീട്ടിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് സൂചന. ശസ്ത്രക്രിയയ്ക്കും വിവിധ ചികിത്സയ്ക്കും ശേഷം താരം വിശ്രമത്തിലാണുള്ളത്.

ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ റിഷഭ് പന്ത് ആരാധകർക്കായി പങ്കുവെച്ചു. കഴിഞ്ഞ വർഷം ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.

അപകടത്തിനുശേഷം പിന്തുണയും പ്രാർത്ഥനയുമായി ഒപ്പംനിന്നവർക്കെല്ലാം നേരത്തെ പന്ത് നന്ദി പറഞ്ഞിരുന്നു. ബി.സി.സിഐ, ബോർഡ് ജയ് ഷാ, സർക്കാർ വൃത്തങ്ങൾ എന്നിവരെ പ്രത്യേകം പേര് പറഞ്ഞ് നന്ദിയും രേഖപ്പെടുത്തി.

എല്ലാ പിന്തുണയ്ക്കും നല്ല ആശംസകൾക്കും മുന്നിൽ വിനയാന്വിതനും കടപ്പെട്ടവനുമാണ് ഞാൻ. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ സന്തോഷത്തോടെ അറിയിക്കട്ടെ. രോഗമുക്തിയിലേക്കുള്ള പാത ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ഞാൻ ഒരുക്കമാണ്-ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു.

ആരാധകരുടെയും സഹതാരങ്ങളുടെയും ഡോക്ടർമാരുടെയും ഫിസിയോ ടീമിന്റെയും പ്രോത്സാഹനത്തിനും ആർദ്രമായ വാക്കുകൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി രേഖപ്പെടുത്തുന്നുവെന്നും എല്ലാവരെയും കളിക്കളത്തിൽ കണ്ടുമുട്ടാൻ കാത്തിരിക്കുന്നുവെന്നും പന്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു താരം. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്.

അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.

ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ സ്‌പോർട്സ് മെഡിസിൻ വിദഗ്ധനായ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്റെ ചികിൽസ. ജനുവരി ഏഴിന് റിഷഭ് പന്ത് കാൽമുട്ടിൽ ശസ്ത്രക്രിയക്ക് വിധേയനായി. ഇതിന് ശേഷം വീട്ടിൽ തുടർ ചികിൽസകളുമായി സുഖംപ്രാപിച്ചുവരികയാണ് ഇന്ത്യൻ യുവ ക്രിക്കറ്റർ.

മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിൽ ഒരു മാസത്തോളം കഴിഞ്ഞ ശേഷമാണ് റിഷഭ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി താരത്തിന് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലും റിഷഭിന് കളിക്കാനാവില്ല. ഒരു മാസത്തിനുള്ളിൽ കാലിൽ മറ്റൊരു ശസ്ത്രക്രിയക്ക് കൂടി താരം വിധേയനാകും എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

റിഷഭിന് എപ്പോൾ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിവരാൻ മാസങ്ങൾ വേണ്ടിവന്നേക്കും. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് പൂർണ ഫിറ്റ്നസിലേക്ക് റിഷഭ് പന്തിന് തിരിച്ചെത്തുക എളുപ്പമാവില്ല. പന്തിന്റെ കാലിലെ ആരോഗ്യ പുരോഗതി ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ട്.