മുംബൈ: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയായി. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അപകടത്തിന് ശേഷമുള്ള പന്തിന്റെ ആദ്യ ട്വീറ്റാണ് ഇന്ന് പുറത്തുന്നത്.

നിലവിലെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് പന്ത്. അപകടത്തിൽ വലത് കാൽമുട്ടിലെ മൂന്ന് ലിഗമെൻഡിനും പരിക്കേൽക്കുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്നുള്ളത് ഡോക്റ്റർമാർ വ്യക്തമാക്കിയിരുന്നു. ജനുവരി എട്ടിന് മൂന്ന് മണിക്കൂറോളമെടുത്ത് രണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. മൂന്നാമത്തേതാണ് ഇന്ന് പൂർത്തിയായത്. ഇതിന് പിന്നാലെയാണ് മുംബൈയിൽ വച്ച് ശസ്ത്രക്രിയ നടത്തിയത്. സ്നേഹാന്വേഷണങ്ങൾക്ക് നന്ദി പറയാനും പന്ത് മറന്നില്ല.

''നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹാന്വേഷണങ്ങൾക്കും ഞാൻ കടപ്പെട്ടവനായിരിക്കും. എന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ വിവരം ഞാൻ നിങ്ങളെ അറിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാൻ ഞാൻ തയ്യാറാണ്.'' ട്വീറ്റിൽ പന്ത് പറയുന്നു. കൂടാതെ ബിസിസിഐക്കും സെക്രട്ടറി ജയ് ഷാ, സർക്കാർ അധികാരികൾക്കും പന്ത് നന്ദി അറിയിച്ചിട്ടുണ്ട്.

പന്തിന് ഏകദിന ലോകകപ്പ് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുക പന്തിന് വളരെ പ്രയാസമായിരിക്കുമെന്ന് ബിസിസിഐ ഉന്നതൻ ഇൻസൈഡ് സ്പോർടിനോട് പറഞ്ഞു. ''എപ്പോൾ സജീവ ക്രിക്കറ്റിലേക്ക് പന്തിന് തിരിച്ചുവരാനാകുമെന്ന് ഇപ്പോൾ പറയാനാവില്ല. പുതിയ മെഡിക്കൽ റിപ്പോർട്ടുകൾ അനുസരിച്ചുള്ള സൂചനകൾ അത്ര നല്ലതല്ല. കുറഞ്ഞത് 8-9 മാസം അദേഹത്തിന് നഷ്ടമാകും. ലോകകപ്പിലും കളിക്കാനായേക്കില്ല. അടുത്ത സർജറി എങ്ങനെയിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.'' ബിസിസിഐ ഉന്നതൻ വ്യക്തമാക്കി.

ഐപിഎൽ 2023, സെപ്റ്റംബറിലെ ഏഷ്യാ കപ്പ്, ഒക്ടോബറിലെ ഏകദിന ലോകകപ്പ് എന്നിവ റിഷഭിന് നഷ്ടമാകും. ഡിസംബർ 30നുണ്ടായ കാർ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. വലത് കാൽമുട്ടിലെ മൂന്ന് ലിഗമെൻഡിനും പരിക്കേൽക്കുകയായിരുന്നു. സ്പോർട്സ് മെഡിസിൻ വിദഗ്ദനായ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പന്തിനെ ചികിത്സിക്കുന്നത്.