ശ്രീനഗർ:ജമ്മു കാശ്മീരിൽ ഗ്രാമീണർക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഇതാദ്യമായാണ് സച്ചിൻ കാശ്മീരിൽ എത്തുന്നത്. ഗുൽമാർഗിലെത്തിയ സച്ചിൻ പ്രദേശവാസികൾക്കൊപ്പം റോഡിലാണ് ക്രിക്കറ്റ് കളിച്ചത്. 'ക്രിക്കറ്റ് ആൻഡ് കാശ്മീർ, എ മാച്ച് ഇൻ ഹെവൻ' എന്ന തലക്കെട്ടോടു കൂടി കാശ്മീരിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ സച്ചിൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉറിയിലെ ഒരു സംഘം യുവാക്കൾക്കൊപ്പമായിരുന്നു മാസ്റ്റർ ബ്‌ളാസ്റ്ററുടെ ഗെയിം. സുരക്ഷാ സേനയും സച്ചിനൊപ്പമുണ്ടായിരുന്നു. ബാറ്റിങ് ഗ്രിപ്പ് ഉപയോഗിച്ചുള്ള സച്ചിന്റെ തകർപ്പൻ ഷോട്ടുകൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നുണ്ട്. സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗറിലെ ചർസൗവിലുള്ള ബാറ്റ് നിർമ്മാണ ഫാക്ടറിയും സച്ചിൻ സന്ദർശിച്ചിരുന്നു.

കാശ്മീരി വില്ലോ ബാറ്റുകൾ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ പോലും പ്രസിദ്ധമാണ്. ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമാണ് സച്ചിന്റെ കാശ്മീർ സന്ദർശനം. ഇന്ത്യയേയും പാക്കിസ്ഥാനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാമൻ അമാൻ സേതുവും സച്ചിൻ സന്ദർശിക്കും.