- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്‌കൃത, സാസ്‌കാരിക കേരളത്തിൽബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത മഠത്തിൽ; ഇന്നലെ രാത്രി ഫ്‌ളാറ്റിനകം മുഴുവൻ പുക നിറഞ്ഞു ചുറ്റും കാണാത്ത രീതിയും പുകമണവുമായിരുന്നുവെന്നും കുറിപ്പ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന് അൽപ്പം ശമനമായെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്തുകാർ അനുഭവിച്ച ബുദ്ധിമുട്ടു ചെറുതല്ല.കഴിഞ്ഞ കുറച്ച് ദിവസങ്ങളായ തങ്ങളനുഭവിച്ച അവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സജിത മഠത്തിൽ.ഫ്‌ളാറ്റിന്റെ അകം മുഴുവൻ പുകമണമാണ് എന്നാണ് സജിത കുറിക്കുന്നത്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നെന്നും അവർ പറയുന്നു.
'ഫ്‌ളാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു.ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്.ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്‌കൃത, സാസ്‌കാരിക കേരളത്തിൽ എന്നും അവർ ചോദിക്കുന്നു.ഫ്‌ളാറ്റിന്റെ വെളിയിലെ പുകമൂടിയ കാഴ്ചയുടെ ചിത്രവും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അടച്ചു പൂട്ടി ഇരിപ്പാണ്, ഞാനും പുകയും- എന്നാണ് സംവിധായിക ഇന്ദു വി എസ് കുറിച്ചത്.
സജിത മഠത്തിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
ഫ്‌ളാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലെ ഈ പരിഷ്‌കൃത,സാസ്‌കാരിക കേരളത്തിൽ?
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. പിഎം 2.5 വായു മലിനീകരണത്തോത് 105 മൈക്രോ ഗ്രാമായാണ് ഉയർന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കുന്നതിന് തലേ ദിവസം വരെ ഇത് 66 മൈക്രോ ഗ്രാം മാത്രമായിരുന്നു.പിഎം 10 മലിനീകരണ തോതും വർധിച്ചിട്ടുണ്ട്. 148.41 മൈക്രോ ഗ്രാമാണ് ഇന്നലെ രേഖപ്പെടുത്തിയത്.40 മൈക്രോ ഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നിരിക്കെയാണ് ഈ വർധന.
അതേസമയം ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.എല്ലാ സൗകര്യങ്ങളും അവിടെ ഫയർഫോഴ്സിന് ഒരുക്കിയതായും ആവശ്യമായ പമ്പുസെറ്റുകൾ ഉൾപ്പടെ എല്ലാം എത്തിച്ചതായും പി രാജീവ് പറഞ്ഞു. ഇന്ന് വൈകീട്ടോടെ പൂർണമായും തീ അണയ്ക്കാൻ കഴിയും.തീയണയ്ക്കാൻ വെള്ളത്തിന്റെ കുറവ് ഉണ്ടായാൽ എഫ്എസിടിയുടെ നദിയിൽ നിന്ന് ഉപയോഗിക്കാനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ട്.
ബ്രഹ്മപുരത്തെ ഉൾപ്പടെ സാഹചര്യം നേരിടാൻ കോർഡിനേഷൻ കമ്മറ്റി വരുമെന്നും രാജീവ് പറഞ്ഞു.മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരും. അവിടേക്കുള്ള റോഡ് പരിമിതി പഞ്ചായത്ത് ശ്രദ്ധയിൽപ്പെട്ടു. റോഡ് സൗകര്യം ഉറപ്പാക്കാൻ കോർപ്പറേഷൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ നീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ താത്കാലിക സംവിധാനം ഏർപ്പെടുത്തും.ഇന്ന് തീയണച്ചാലും മറ്റ് ക്രമീകരണങ്ങൾക്കായി ഒരാഴ്ച വരും വേണ്ടിവരും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനും, ഇപ്പോഴത്തെ സാഹചര്യം നേരിടാനുള്ള തീരുമാനങ്ങളുമാണ് ഇന്നത്തെ യോഗത്തിലുണ്ടായത്. ജനം ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പി രാജീവ്
മറുനാടന് മലയാളി ബ്യൂറോ