ഹൈദരബാദ് : തെന്നിന്ത്യൻ താരസുന്ദരി സാമന്തയ്ക്ക് മയോസൈറ്റിസ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോഗബാധയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പിലൂടെയാണ് താരം രോഗവിവരം പങ്കുവച്ചത്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ് സാമന്തയെ ബാധിച്ചത്. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന അസുഖമാണിത്. തുടർന്ന് ശരീരത്തിലെ പലഭാഗങ്ങളിലും കടുത്ത വേദന അനുഭവപ്പെടും.

യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണം ഏറെ സന്തോഷം തരുന്നതാണ്. നിങ്ങൾ നൽകുന്ന ഈ സ്നേഹവും ബന്ധവുമാണ് ജീവിതം എന്നെ കൊണ്ടെത്തിക്കുന്ന അവസാനിക്കാത്തെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായതിനു ശേഷം നിങ്ങളുമായി പങ്കുവയ്ക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ സമയമെടുക്കുകയാണ്. എപ്പോഴും നമ്മളെ കരുത്തയായി കാണിക്കേണ്ടതില്ലെന്ന് ഞാൻ പതിയെ മനസിലാക്കുകയാണ്.

ഈ അവസ്ഥയെ അംഗീകരിക്കാനാണ് ഞാൻ ഇപ്പോഴും പ്രയാസപ്പെടുന്നത്. വൈകാതെ പെട്ടെന്ന് രോഗത്തിൽ നിന്ന് പൂർണ മുക്തി നേടാനാകും എന്ന ഉറപ്പിലാണ് ഡോക്ടർമാർ. എനിക്ക് നല്ല ദിവസങ്ങളും വളരെ മോശം ദിവസങ്ങളുമുണ്ടായി. ശാരീരികമായും വൈകാരികമായും. ഇനി ഒരു ദിവസം കൂടി ഇത് സഹിക്കാൻ എനിക്കാവില്ല എന്നുവരെ തോന്നി. എങ്ങനെയോ ആ നിമിഷത്തെ പിന്നിട്ടു. രോഗം ഭേദമാകുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്നാണ് കരുതുന്നത്. ഐലവ് യു... ഇതും കടന്നു പോകും- സാമന്ത കുറിച്ചു.

 
 
 
View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

 

താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് സാമന്തയ്ക്ക് രോഗമുക്തി ആശംസിച്ചിരിക്കുന്നത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടും. ഇരിക്കാനും നിൽക്കാനുമുള്ള പ്രയാസം, തല ഉയർത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.