- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധോണിയെ മെരുക്കിയ സന്ദീപ് ശർമയുടെ കട്ടഹീറോയിസം; അച്ഛന്റെ പവർ യോർക്കറുകൾക്ക് സാക്ഷിയായ ആ കുഞ്ഞ് ആരാധിക; 'ഡാഡിയുടെ മകൾ' എന്ന കുറിപ്പോടെ വിഡിയോ പോസ്റ്റ് ചെയ്ത് ഭാര്യ താഷ ശർമ; വീഡിയോ വൈറൽ
ചെന്നൈ: തോൽവി മുന്നിൽ കണ്ട മത്സരത്തിൽ ടീമിനെ അവിശ്വസനീയമായ ജയത്തിലേക്ക് കൈപിടിച്ച റിങ്കു സിങും സന്ദീപ് ശർമയും ഒക്കെയാണ് ഈ ഐപിഎൽ സീസണിലെ ഇതുവരെയുള്ള സൂപ്പർ ഹീറോകൾ. ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന അഞ്ച് പന്തും സിക്‌സറിന് പറത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റിങ്കു ജയം സമ്മാനിച്ചതെങ്കിൽ സാക്ഷാൽ എം എസ് ധോണിയെ യോർക്കറിലൂടെ അവസാന ഓവറിൽ നിശബ്ദമാക്കിയാണ് സന്ദീപ് ശർമ്മ രാജസ്ഥാൻ റോയൽസിന് വിജയം സമ്മാനിച്ചത്.
അവസാന ഓവറിൽ പ്രതിരോധിക്കാനുള്ളത് 21 റൺസ്, ക്രീസിലുള്ളത് സാക്ഷാൽ ധോണിയും കൂട്ടിന് രവീന്ദ്ര ജഡേജയും. എത് ബൗളർ ആയാലും ഒന്ന് പകയ്ക്കും. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഇന്നലെ രാജസ്ഥാനായി അവസാന ഓവർ എറിഞ്ഞ സന്ദീപ് ശർമയും ആദ്യമൊന്ന് പതറി. ആദ്യം രണ്ട് വൈഡുകളും രണ്ട് സിക്‌സുകളും വഴങ്ങിയിട്ടും തുടർച്ചയായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മ ധോണിയെയും ജഡേജയെയും വരിഞ്ഞുമുറുക്കി.
അവസാന പന്ത് നേരിട്ട ധോണിക്ക് അഞ്ച് റൺസാണ് നേടേണ്ടിയിരുന്നത്. കിടിലൻ യോർക്കറിലൂടെ ബൗണ്ടറി നേടുന്നതിൽ നിന്ന് ഇതിഹാസ താരത്തെ സന്ദീപ് ശർമ തടയുകയായിരുന്നു. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ 3 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. അവസാന മൂന്നു പന്തുകളിൽ മികച്ച ബോളിങ്ങിലൂടെ സന്ദീപ്, രാജസ്ഥാനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ധോണിയുടെ ഫിനിഷിങ് തടഞ്ഞ സന്ദീപ് ശർമ ഹീറോയായി മാറി. എന്നാൽ കഥ അവിടെ തീരുന്നില്ല.
സന്ദീപ് ശർമ്മയുടെ കുഞ്ഞ് മകൾ അച്ഛൻ ഹീറോ ആയത് ടിവിയിൽ കാണുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ടി വിയിൽ അച്ഛനെ കാണിക്കുമ്പോൾ ചിരിക്കുന്ന മകളുടെ വീഡിയോ ആരാധകരുടെ ഹൃദയം തൊടുന്നതാണ്. രാജസ്ഥാന്റെ വിജയത്തിനു പിന്നാലെ സന്ദീപ് ശർമയുടെ ഭാര്യ താഷ ശർമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു വിഡിയോയാണ് ഇപ്പോൾ വൈറൽ.
Sandeep Sharma's wife & 10-months old daughter watching his final-over heroics against CSK ????❤️#IPL2023 #TATAIPL2023 #CSKvRR
- Niche Sports (@Niche_Sports) April 13, 2023
pic.twitter.com/AF9pNufadY
ഒരു 'കുഞ്ഞ് ആരാധിക' സന്ദീപിനെ ടിവിയിൽ കണ്ടു പുഞ്ചിരിക്കുന്നതാണ് വിഡിയോയിലുള്ളത്. മറ്റാരുമല്ല, സന്ദീപ് പത്തു മാസം മാത്രം പ്രായമുള്ള മകളാണ് വിഡിയോയിലുള്ളത്. താഷയുടെ മടിയിലിരുന്ന് മത്സരം ടിവിയിൽ കാണുന്നതും മുഖത്ത് ചിരിവരുന്നതും വിഡിയോയിൽ കാണാം. ''അവൾ അവളുടെ അച്ഛനെ ടിവിയിൽ കാണുമ്പോൾ. ഡാഡിയുടെ മകൾ'' എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റിലായിരുന്നു സന്ദീപും താഷയും തമ്മിലുള്ള വിവാഹം.
2008ലെ പ്രഥമ ഐപിഎൽ സീസണിനുശേഷം ആദ്യമായാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ ടീമിനെ രാജസ്ഥാൻ തോൽപിക്കുന്നത്. അതുകൊണ്ടു തന്നെ സാൻഡിയുടെ ആ അവസാന ഓവർ രാജസ്ഥാനും ടീമിന്റെ ആരാധകർക്കും എക്കാലവും മധുരമുള്ള ഓർമയായിരിക്കും.
കഴിഞ്ഞ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്ന സന്ദീപിനെ കൊച്ചിയിൽ നടന്ന ഐപിഎൽ മിനി ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. തുടർന്ന് ഐപിഎൽ കളിക്കാനാകാത്തതിലെ സങ്കടം സന്ദീപ് പരസ്യമാക്കിയിരുന്നു. അൺസോൾഡ് ആയപ്പോൾ ഞെട്ടലും നിരാശയുമായിപ്പോയെന്നാണ് സന്ദീപ് അന്നുപ്രതികരിച്ചത്.
''എന്തു കൊണ്ടാണ് ആരും എന്നെ വാങ്ങാത്തതെന്നു മനസ്സിലായില്ല. ഞാൻ ഏതു ടീമിനു വേണ്ടി കളിച്ചപ്പോഴും മികച്ച പ്രകടനങ്ങളാണു നടത്തിയിട്ടുള്ളത്. എനിക്കു വേണ്ടി ഏതെങ്കിലും ടീം ബിഡ് ചെയ്യുമെന്നു ശരിക്കും കരുതിയിരുന്നു.'' സന്ദീപ് ശർമ പ്രതികരിച്ചു. പിന്നീട് രാജസ്ഥാന്റെ നെറ്റ് ബോളറായ സന്ദീപ്, പ്രസിദ്ധ് കൃഷ്ണയുടെ പരുക്കിനെ തുടർന്നാണ് ടീമിനൊപ്പം ചേർന്നത്. ഐപിഎലിലെ തന്റെ അനുഭവസമ്പത്തിന്റെ മേന്മ ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ കാണിക്കാനും സന്ദീപിനായി. ഇപ്പോൾ പകരക്കാരനായി വന്ന് രാജസ്ഥാന്റെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് സന്ദീപ്.
മറുനാടന് മലയാളി ബ്യൂറോ