ഇസ്‌ലാമബാദ്: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേർപിരിയുകയാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ താരദമ്പതികൾ അവതാരകരാകുന്ന ടോക് ഷോ ഉടൻ ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ടോക് ഷോ അവതരിപ്പിക്കാൻ സാനിയയും മാലിക്കും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ദ് മിർസ മാലിക് ഷോ' എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്.

ഒരു പാക്കിസ്ഥാനി മാധ്യമത്തിലാണ് സാനിയയും മാലിക്കും അവതാരകരായി എത്തുന്നത്. പരിപാടിയുടെ സംപ്രേഷണം ഉടൻ തന്നെ ആരംഭിക്കുമെന്നും സാനിയയും മാലിക്കും ഇൻസ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചു. നിരവധി ആരാധകരാണ് താരദമ്പതികളെ ടോക് ഷോയിൽ കാണുന്നതിലുള്ള സന്തോഷം ഇൻസ്റ്റഗ്രാമിൽ അറിയിച്ചത്. പാക്കിസ്ഥാനി ചാനലായ ഉറുദുഫൽക്സ് ഒഫീഷ്യലിൽ ഉടൻ തന്നെ ഷോ ആരംഭിക്കും.

 
 
 
View this post on Instagram

A post shared by UrduFlix (@urduflixofficial)

ഉറുദുഫൽക്സ് ഒഫീഷ്യലിന്റെ സോഷ്യൽ മീഡിയ പേജിലാണ് പ്രഖ്യാപനം. സാനിയയും ഷുഐബും ഒന്നിച്ചുള്ള പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ആശംസയും ആഹ്ലാദവും അറിയിക്കുകയാണ് ആരാധകർ. കാത്തിരിക്കുകയാണെന്നും, ഏറെ സന്തോഷമായെന്നുമാണ് കമന്റുകൾ നിറയുന്നത്.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബർ 30ന് ഇരുവർക്കും കുഞ്ഞ് പിറന്നു. മകൻ ഇസ്ഹാൻ മിർസ മാലിക്കിന്റെ നാലാം പിറന്നാൾ ആഘാഷത്തിൽ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്.

പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ സാനിയ സോഷ്യൽ മീഡിയയിലെങ്ങും പങ്കുവയ്ക്കാതിരുന്നതാണ് ഇതിന് കാരണം. പിന്നീട് മകനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കിൽ ഇസ്ഹാൻ ചുംബിക്കുന്നതായിരുന്നു ചിത്രം. 'ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങൾ' എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നൽകി.

 
 
 
View this post on Instagram

A post shared by Sania Mirza (@mirzasaniar)

ഇതിനുപിന്നാലെ സാനിയയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റാറ്റസും ചർച്ചയായി. 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താൻ' എന്ന സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ഇരുവരും വേർപിരിയുകയാണെന്ന റൂമറുകൾ കൂടുതൽ ശക്തമായി. സാനിയ ദുബൈയിലെ പുതിയ വീട്ടിലേക്ക് മാറിയതായി എഎൻഐ റിപ്പോർട്ടു ചെയ്തിരുന്നു. മുമ്പ് പാം ജൂമൈറയിലെ വീട്ടിൽ മാലികിനൊപ്പമായിരുന്നു താമസം.

പാക്കിസ്ഥാനി മോഡലും നടിയുമായ ആയിഷ ഒമറിന്റെ പേര് മാലികുമായി ചേർത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ മാലിക് സുഹൃത്ത് മാത്രമാണെന്നായിരുന്നു ആയിഷയുടെ പ്രതികരണം.

അതിനിടെ, നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം സാനിയ മിർസയും ശുഐബ് മാലിക്കും വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.വിവാഹബന്ധത്തിൽനിന്ന് വേർപിരിയാൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, നിയമപരമായ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകുകയെന്നാണ് താരദമ്പതികളുമായി അടുത്ത ബന്ധമുള്ള ഒരാളെ ഉദ്ധരിച്ച് പാക് മാധ്യമമായ 'ജിയോ ടി.വി' റിപ്പോർട്ട് ചെയ്തത്.

ഏറെ നാളായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. അതേസമയം, നാലു വയസ് പ്രായമായ മകൻ ഇഷാനെ ഒരുമിച്ച് വളർത്താനും ഇരുവരും ധാരണയായിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഇഷാൻ നിലവിൽ ദുബൈയിൽ സാനിയയ്‌ക്കൊപ്പമാണ് കഴിയുന്നത്.

ഉറുദുഫൽക്സ് ഒഫീഷ്യലിന്റെ സോഷ്യൽ മീഡിയ പേജിലാണ് പ്രഖ്യാപനത്തിന് പിന്നാലെ പോസ്റ്റിൽ വിവാഹമോചന വാർത്തകളെ കുറിച്ചുള്ള ചോദ്യങ്ങളുമായി നിരവധി ആരാധകരെത്തി. 'വിവാഹമോചന വാർത്ത പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നോ'യെന്ന് ഒരാൾ ചോദിച്ചു. വിവാഹ ബന്ധം തുടരുന്നതിൽ മറ്റു ചിലർ താരദമ്പതിമാരെ അഭിനന്ദിച്ചു.