- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാം നന്നായിരിക്കുന്നു, ഉടൻ കാണാം'; വാംഖഡെയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ; ആശംസകൾ നേർന്ന് പാണ്ഡ്യയും ധവാനും; കരുത്തോടെ തിരിച്ചുവരു എന്ന് കുഞ്ചാക്കോ ബോബൻ
മുംബൈ: മുംബൈയിൽ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന വാർത്ത ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. സഞ്ജു രണ്ടാം ട്വന്റി 20 മത്സരത്തിനായി പൂണെയിലേക്ക് തിരിച്ച ഇന്ത്യൻ സംഘത്തിനൊപ്പം പോയിരുന്നില്ല. താരം മുംബൈയിൽ തുടരും എന്നാണ് ബിസിസിഐ അറിയിച്ചത്.
പരിക്കേറ്റതോടെ താരത്തിന് പകരം പുതുമുഖ താരം ജിതേഷ് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർക്കായി ചിത്രം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു. എല്ലാം നന്നായിരിക്കുന്നു, ഉടൻ കാണാം എന്ന കുറിപ്പോടെയാണ് വാംഖഡെയിൽ നിന്നുള്ള സഞ്ജുവിന്റെ ചിത്രം.
വേഗം സുഖപ്രാപിക്കാൻ ആശംസകളുമായി സഞ്ജുവിന് പിന്നാലെ ആരാധകർ നിരനിരയായി എത്തിയപ്പോൾ അവരിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഇന്ത്യൻ ട്വന്റി 20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ശിഖർ ധവാനുമാണ് മലയാളി താരത്തിന് ആശംസകളുമായി എത്തിയത്. ചലച്ചിത്ര താരം ചാക്കോച്ചന്റെ കമന്റും പോസ്റ്റിലുണ്ട്. കരുത്തോടെ തിരിച്ചുവരൂ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
ശ്രീലങ്കയ്ക്ക് എതിരെ അവശേഷിക്കുന്ന രണ്ട് ട്വന്റി 20കളിൽ സഞ്ജു സാംസണിന് പകരക്കാരനായി ഐപിഎല്ലിൽ പഞ്ചാബ് കിങ്സിൽ തിളങ്ങിയിട്ടുള്ള ജിതേഷ് ശർമ്മയെയാണ് സെലക്ടർമാർ ഉൾപ്പെടുത്തിയത്. കെ എൽ രാഹുൽ ടീമിലില്ലാത്തതും റിഷഭ് പന്തിന് അപകടത്തിൽ സാരമായി പരിക്കേറ്റതുമാണ് ജിതേഷ് ശർമ്മയിലേക്ക് സെലക്ടർമാരുടെ കണ്ണുകളെത്തിച്ചത്. ഇഷാൻ കിഷനാണ് സ്‌ക്വാഡിലുള്ള ഒന്നാം വിക്കറ്റ് കീപ്പർ. ഇന്ന് നടക്കുന്ന രണ്ടാം ടി20യിൽ ഇഷാൻ വിക്കറ്റ് കീപ്പറാകും എന്നാണ് സൂചന. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
'വാംഖഡെയിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20ക്കിടെയാണ് സഞ്ജു സാംസണിന് കാൽമുട്ടിന് പരിക്കേറ്റത്. സഞ്ജുവിന്റെ ഇടത് കാൽമുട്ടിനാണ് പരിക്കേറ്റത്. ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതൽ പരിശോധനകൾക്കായി ബിസിസിഐ മെഡിക്കൽ ടീം മുംബൈയിൽ അദ്ദേഹത്തോടൊപ്പമുണ്ട്' എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. മത്സരത്തിലെ 13-ാം ഓവറിൽ ഫീൽഡിംഗിനിടെ സഞ്ജുവിന്റെ കാൽമുട്ട് ഗ്രൗണ്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ