- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കട്ടനും കായലും കൂട്ടരും....'; പുന്നമടക്കായലിൽ സുഹൃത്തുക്കൾക്കൊപ്പം തോണി തുഴഞ്ഞ് സഞ്ജു സാംസൺ; മാസങ്ങൾക്കു മുൻപു നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവച്ച് താരം
കോട്ടയം: പുന്നമടക്കായലിന്റെ ദൃശ്യഭംഗി ആസ്വദിച്ച് തോണിയിൽ സുഹൃത്തുക്കൾക്ക് ഒപ്പം സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജുവും സുഹൃത്തുക്കളും പുന്നമടക്കായലിൽ തോണിയിൽ സഞ്ചരിക്കുന്നതും ആലപ്പുഴയിൽ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചത്. രണ്ടു തോണികളിലായാണു സഞ്ജുവും സുഹൃത്തുക്കളും പുന്നമടക്കായലിൽ സഞ്ചരിച്ചത്.
കട്ടനും കായലും കൂട്ടരും എന്നാണു സഞ്ജു വിഡിയോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. പുന്നമടയുടെ ഭംഗിയും തോണി തുഴഞ്ഞുപോകുന്ന സഞ്ജുവിനെയും ദൃശ്യങ്ങളിൽ കാണാം. മാസങ്ങൾക്കു മുൻപു നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. ഏഷ്യാകപ്പിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലാണു സഞ്ജു ഒടുവിൽ കളിച്ചത്. ടീം ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലും മികച്ച പ്രകടനം നടത്തിയിരുന്നു.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇല്ലാതെയുള്ള സ്‌ക്വാഡിനെയാണ് ടി20 ലോകകപ്പിനായി സെലക്ടർമാർ തിരഞ്ഞെടുത്തത്. സഞ്ജുവിനെ ടീമിൽ നിന്ന് തഴഞ്ഞതാവട്ടെ വലിയ വിവാദമാവുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലെങ്ങും സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞ സെലക്ടർമാർക്കെതിരെ ശക്തമായ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.
ട്വന്റി 20 ലോകകപ്പിനുള്ള പ്രധാന സ്‌ക്വാഡിൽ ഇടം പിടിക്കാതിരുന്ന സഞ്ജുവിനെ സ്റ്റാൻഡ് ബൈ താരമായിപ്പോലും സെലക്ടർമാർ ലോകകപ്പിനായി തിരഞ്ഞെടുക്കാതിരുന്നത് കൂടുതൽ വിവാദങ്ങൾക്ക് വഴി വെച്ചു. മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ദിനേഷ് കാർത്തിക്കിനേയും ടീമിലേക്ക് വിളിക്കുകയായിരുന്നു. ദീപക് ഹൂഡ, സഞ്ജു സാംസൺ എന്നിവരിൽ ആരെ ലോകകപ്പ് ടീമിലേക്ക് എടുക്കണം എന്നത് മാത്രമായിരുന്നു അവരുടെ ധർമ്മസങ്കടം. ഇതിൽ അവസാനം ദീപക് ഹൂഡക്ക് നറുക്ക് വീഴുകയും ചെയ്തു.
ഇൻസൈഡ് സ്‌പോർടിനോട് സംസാരിക്കവെ സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെക്കുറിച്ച് ബിസിസിഐ സെലക്ടർ മനസ് തുറന്നിരുന്നു. ആവശ്യമുള്ള സമയത്ത് 1, 2 ഓവറുകൾ എറിയാൻ കഴിയുന്ന ഒരു ബാറ്ററെയാണ് ലോകകപ്പ് ടീമിലേക്ക് തങ്ങൾക്ക് വേണ്ടിയിരുന്നതെന്നും, അങ്ങനെയാണ് സഞ്ജുവിനെ മറികടന്ന് ഹൂഡ ടീമിലേക്ക് വന്നതെന്നുമായിരുന്നു സെലക്ടറുടെ വാക്കുകൾ.
അതേ സമയം ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് വിളി വരുമെന്നാണ് സൂചന. ട്വന്റി 20 ലോകകപ്പിന് തൊട്ടു മുൻപാണ് ഈ പരമ്പര. അതിനാൽ ട്വന്റി 20 ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്ക് ഈ പരമ്പരയിൽ നിന്ന് വിശ്രമം ലഭിച്ചേക്കും. ഈ സാഹചര്യത്തിൽ സഞ്ജു വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്