- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റിന് ചെറിയ ഇടവേള; 'സോളോ ട്രിപ്പുമായി' സഞ്ജു സാംസൺ; ഇന്ത്യൻ ടീമിലേക്ക് ഒറ്റക്കുള്ള യാത്രയാണോ എന്ന് ആരാധകർ; ചിത്രത്തിന് താഴെ തലൈവാ എന്ന് വിളിച്ച് റുതുരാജ് ഗെയ്ക്വാദ്
തിരുവനന്തപുരം: ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ലഭിച്ച ചെറിയ ഇടവേളയിൽ 'സോളോ ട്രിപ്പുമായി' ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇൻസ്റ്റഗ്രാമിൽ ബാഗ് പായ്ക്ക് ചെയ്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ പോസ്റ്റ് ചെയ്ത ചിത്രം ആരാധകർക്കിടയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു.
'നിങ്ങളുടെ ബാഗ് പായ്ക്ക് ചെയ്ത് റോഡിലേക്കിറങ്ങൂ' എന്നാണ് സോളോട്രിപ്പ് എന്ന ഹാഷ് ടാഗിൽ സഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് ഒറ്റക്കുള്ള യാത്രയാണോ ഇതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. ഈ ചിത്രത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ് 'തലൈവ' എന്ന കമന്റുമായെത്തി.
ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിച്ചതു സഞ്ജു സാംസണായിരുന്നു. ഏകദിന പരമ്പര സഞ്ജുവിന്റെ നേതൃത്വത്തിൽ ഇന്ത്യ തൂത്തുവാരുകയും ചെയ്തു.
ഋതുരാജ് ഗെയ്ക്വാദും ഈ പരമ്പരയിൽ സഞ്ജുവിനു കീഴിൽ കളിച്ചിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽനിന്നുള്ള സഞ്ജുവിന്റെ വിഡിയോ താരത്തിന്റെ സുഹൃത്തും സംവിധാകനുമായ ബേസിൽ ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഞ്ജു സാംസണു സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനപരമ്പരയിൽ സഞ്ജു കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഞ്ജു ഏകദിന പരമ്പരയിൽ വൈസ് ക്യാപ്റ്റനായി ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.
ട്വന്റി 20 ലോകകപ്പിനും ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ട്വന്റി 20 പരമ്പരകളിലും ടീമിൽ ഇല്ലെങ്കിലും സഞ്ജുവിന് ടീം മാനേജ്‌മെന്റ് വലിയ ഉത്തരവാദിത്തങ്ങൾ നൽകാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ട്വന്റി 20 ലോകകപ്പ് ടീമിലുൾപ്പെട്ട താരങ്ങളാരും കളിക്കില്ലെന്ന് ഉറപ്പായിരിക്കെ സഞ്ജുവായിരിക്കും ശിഖർ ധവാന് കീഴിൽ വൈസ് ക്യാപ്റ്റനാകുക എന്നും സൂചനയുണ്ട്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടർമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല. അടുത്ത മാസം ആറിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതേ ദിവസാണ് ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ കളിക്കുക.
ന്യൂസ് ഡെസ്‌ക്