തൃശ്ശൂർ: കണ്ണിക്കര സ്വദേശി പ്രണവിന്റെ വിയോഗം മലയാളികളെ ഒന്നാകെ വേദനിപ്പിച്ചിരിക്കുകയാണ്.തികച്ചും അപ്രതീക്ഷിതമായിരുന്നു
ആ വിയോഗം എന്നതാണ് മരണത്തെ കൂടുതൽ വേദനാജനകമാക്കുന്നത്. ഇപ്പോഴിതാ നടി സീമ ജി. നായർ പ്രണവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

പ്രണവിനെയും ഷഹാനയേയും കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും സീമ കുറിച്ചു. ജീവിച്ചു കൊതി തീരാതെ പ്രണവ് മടങ്ങിയെന്നും ഷഹാന എങ്ങനെ പ്രണവിന്റെ വിയോഗത്തെ അതിജീവിക്കുമെന്നും നടി കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രണവിന് ആദരാഞ്ജലികൾ. ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടത് ഇത്. ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം. ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും.

വെള്ളിയാഴ്ച രാവിലെയാണ് പ്രണവ് മരണപ്പെട്ടത്. രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.

വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു.

എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. മണപ്പറമ്പിൽ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.