- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞുജീവൻ കാത്ത കരുതൽ! തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് കവചമൊരുക്കി ഏഴ് വയസ്സുകാരി; ഉറങ്ങാതെ കാവലായത് 17 മണിക്കൂർ'; രക്ഷാപ്രവർത്തനത്തിനിടെ സിറിയയിൽ നിന്നുള്ള ആശ്വാസമായി ചിത്രം
അങ്കാറ: തുടർ ഭൂചലനങ്ങൾ നാശം വിതച്ച തുർക്കിയിലെയും സിറിയയിലെയും ദുരന്ത വാർത്തകൾ ലോകജനതയെ ഞെട്ടിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച്ച പുലർച്ചെ 4.17-നാണ് ഇരുരാജ്യങ്ങളേയും ഞെട്ടിച്ച് റിക്ടർ സ്‌കെയ്ലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ തുടർപ്രകമ്പനങ്ങളും ഉണ്ടായി. ഉറക്കത്തിലായതിനാൽ താമസ സ്ഥലങ്ങളിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലർക്കും ലഭിച്ചില്ല.
തകർന്ന കെട്ടിടങ്ങളുടേയും റോഡുകളുടേയും അരികിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ ഇരുരാജ്യങ്ങളിലും കാണുന്നത്. എല്ലാവരുടേയും മനസിൽ വേദനയും വിങ്ങലുമുണ്ടാക്കുന്നതാണ് ഈ ദൃശ്യങ്ങളെല്ലാം. എന്നാൽ അതിനിടയിൽ പ്രതീക്ഷയുടെ പുഞ്ചിരിയുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നത്.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുമ്പോഴും തന്റെ ഇളയ സഹോദരന്റെ ജീവൻ സംരക്ഷിക്കുന്ന ഏഴുവയസ്സുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കുന്നത്. 17 മണിക്കൂറോളമാണ് ഇരുവരും അവശിഷ്ടങ്ങൾക്കിടയിൽ ജീവനും മുറുകെ പിടിച്ച് കിടന്നത്.
The 7 year old girl who kept her hand on her little brother's head to protect him while they were under the rubble for 17 hours has made it safely. I see no one sharing. If she were dead, everyone would share! Share positivity... pic.twitter.com/J2sU5A5uvO
- Mohamad Safa (@mhdksafa) February 7, 2023
യു എൻ പ്രതിനിധി മുഹമ്മദ് സഫയാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 17 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കിടന്നപ്പോൾ തന്റെ അനുജനെ രക്ഷിക്കാൻ തലയിൽ കൈവെച്ച 7 വയസ്സുകാരി. ആരും പങ്കിടുന്നില്ലെന്ന് ഞാൻ കരുതുന്നു. അവൾ മരിച്ചിരുന്നെങ്കിൽ, എല്ലാവരും പങ്കിടും! പോസിറ്റിവിറ്റി പങ്കിടുക- എന്നാണ് മുഹമ്മദ് സഫ ട്വിറ്ററിൽ കുറിച്ചത്.
ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ച് കൊണ്ട് മാധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്, കരുതലാണവൾ പ്രിയ സോദരി! തകർന്ന് വീണ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്നും കുഞ്ഞനുജന്റെ തലയിൽ മണ്ണു വീഴാതിരിക്കാൻ കുടുങ്ങിപ്പോയ അവൾ ഉറങ്ങാതിരുന്നത് 17 മണിക്കൂർ. അവൾക്ക് പ്രായം ഏഴ് മാത്രം. അവന് മൂന്നും. ഇരുവരെയും ഇപ്പോൾ രക്ഷിച്ചെടുത്തു. ദുരന്തഭൂമിയായ സിറിയയിൽ നിന്നുള്ള ഈ പ്രത്യാശാ ചിത്രം പങ്ക് വച്ചത് ഐക്യരാഷ്ട്രസഭാ പ്രതിനിധി മുഹമ്മദ് സഫയാണ്.
ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. അവൾ വളരേയധികം ധൈര്യമുള്ള പെൺകുട്ടിയാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ദുരന്തത്തെ മനക്കരുത്തോടെ നേരിടണമെന്ന് അവൾ നമ്മളെ പഠിപ്പിക്കുന്നുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്തു. അദ്ഭുതങ്ങൾ സംഭവിക്കാം എന്നതിനുള്ള ഉദാഹരണമാണ് ഈ ചിത്രമെന്നും ആളുകൾ പറയുന്നു.
അതേസമയം, തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂചലനത്തിൽ ചൊവ്വാഴ്ച വരെ 5,103 പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളും തുടർന്ന് ചൊവ്വാഴ്ച 5.6 രേഖപ്പെടുത്തിയ തുടർചലനങ്ങളും ഉണ്ടായി.
ന്യൂസ് ഡെസ്‌ക്