- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്റെ മാത്രമല്ല ബാറ്റിലെ സ്പ്രിങ്ങും ഞങ്ങൾ ഊരും': ജയസൂര്യയുടെ വിവാദ പരാമർശത്തിൽ കലിപ്പുതീർക്കുന്നത് ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേജിലും; 'കൃഷ്ണപ്രസാദിനു പൈസ കിട്ടിയത് അറിഞ്ഞില്ലായിരുന്നു അണ്ണാ', ആട് 2 നന്നായിരുന്നു എന്നീ ട്രോൾ പോസ്റ്റുകളുമായി ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും
തിരുവനന്തപുരം: നെൽകർഷകരുടെ വിഷയം മന്ത്രിമാരടക്കമുള്ള പൊതുവേദിയിൽ പറഞ്ഞതിന് പിന്നാലെ നടൻ ജയസൂര്യക്കെതിരെ സൈബറിടത്തിൽ പൊരിഞ്ഞ ആക്രമണമാണ്. എന്നാൽ നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ജയസൂര്യ ആവർത്തിക്കയാണ്. അതിനിടെ, സൈബർ യുദ്ധം ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജുകളിലേക്കും നീണ്ടു. ട്രോൾ പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജയസൂര്യയുടെ ഫെയ്സ് ബുക്കിലെ പോസ്റ്റുകൾ.
ഈ പശ്ചാത്തലത്തിൽ, സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ച് സൈബറാക്രമണങ്ങളോട് പ്രതികരിക്കുകയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും.'കൃഷ്ണപ്രസാദിനു പൈസ കിട്ടിയത് അറിഞ്ഞില്ലായിരുന്നു അണ്ണാ' എന്നു ചോദിച്ചു കൊണ്ടാണ് ഷാഫി പറമ്പിൽ സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചത്.
ആട്2 നന്നായിരുന്നു എന്നാണ് സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചു കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.
അതേസമയം, സനത് ജയസൂര്യയുടെ പേജിൽ സൈബർ സഖാക്കളും, സംഘപരിവാർ അനുകൂലികളും ട്രോൾ പോസ്റ്റുകൾ പരസ്പരം ഉതിർക്കുകയാണ്. സിപിഎം. അനുകൂല സൈബർ പ്രൊഫൈലായ പോരാളി ഷാജിയുടെ അപരൻ വരെ കമന്റുമായെത്തി. 'നിന്റെ മാത്രമല്ല ബാറ്റിലെ സ്പ്രിങ്ങും ഞങ്ങൾ ഊരും, നിന്റെ പുറമ്പോക്കിലെ പശുത്തൊഴുത്ത് അടക്കം ഞങ്ങൾ അളന്ന് തരാമെടാ' എന്നാണ് ഭീഷണി. 'മാപ്പു പറഞ്ഞേക്ക് ഭായ് ഇല്ലേൽ സിനിമ ഞങ്ങൾ ബഹിഷ്കരിക്കും' എന്നും 'നീ ഇനി കേരളത്തിൽ കാലുകുത്തില്ല' തുടങ്ങിയ കമന്റുകളുമുണ്ട്. 'ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചിടും' എന്ന വിവാദമായ തിരുവാതിരപ്പാട്ടിന്റെ വരികളും ചിലർ കുറിച്ചു. ഇതിന് മറുപടിയെന്നോണം 'സംഘം കാവലുണ്ട്', 'ജയ് സംഘശക്തി' തുടങ്ങിയവയാണ് മറ്റു ചില കമന്റുകൾ.
വിവാദം ഇങ്ങനെ:
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷകപക്ഷത്താണ് താൻ. ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നാണ് ജയസൂര്യ ചോദിക്കുന്നത്. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറയുന്നു.
എന്നാൽ ജയസൂര്യയുടെ പരാമർശത്തിനു പിന്നിൽ അജൻഡയുണ്ടെന്നായിരുന്നു കൃഷി മന്ത്രി പി.പ്രസാദിന്റെ ആരോപണം. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഏതു പൗരനും വിമർശനമുന്നയിക്കാമെന്നും പറയുന്ന കാര്യത്തെ ഉത്തരവാദിത്തത്തോടെ നോക്കിക്കാണാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമർശനം.
''എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടൻ കൂടിയായ അദ്ദേഹത്തിന്റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 56 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയിൽനിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ''- ഇങ്ങനെയാണ് ജയസൂര്യ അവിടെ പറഞ്ഞത്. ഉതിന് മറുപടിയായി നടൻ കൃഷ്ണപ്രസാദിന് പണം കിട്ടിയെന്ന് വ്യാജ വാർത്തയാണ് സിപിഎം കേന്ദ്രങ്ങൾ തള്ളിയത്. പക്ഷേ ഇത് നെല്ലിന്റെ പണമല്ല ബാങ്ക് വായ്പ്പയാണെന്നാതാണ് യാഥാർത്ഥ്യം. ചുരുക്കിപ്പറഞ്ഞാൽ കർഷന്റെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടില്ല. ജയസൂര്യക്കുനേരെ സൈബർ ആക്രമണം നടന്നത് മാത്രം മിച്ചം.
മറുനാടന് മലയാളി ബ്യൂറോ