തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി പരാമർശത്തിൽ ഇ പി ജയരാജന് പിന്തുണയുമായി എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.'പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ?വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?' എന്ന് ഷാഫി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി മുണ്ടും ഷർട്ടുമിട്ട വനിതാ പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും ഉൾപ്പടെയാണ് ഷാഫി പറമ്പിൽ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചത്.

ഷാഫി പറമ്പിലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

'ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു'- ഇ പി ജയരാജൻ
'ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?'- എം വി ഗോവിന്ദൻ
പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ?വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?


നേരത്തെ, ജെൻഡർ ന്യൂട്രാലിറ്റി പരാമർശത്തിൽ ഇ പി ജയരാജന് പിന്തുണയുമായി എം വി ഗോവിന്ദൻ രംഗത്ത് വരികയായിരുന്നു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്നാണ് ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ വിവാദ പരമാർശം. പെൺകുട്ടികൾ പാന്റും ഷർട്ടും ധരിച്ച് ആൺകുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.

പുരുഷന്മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു.ഇത് സിപിഎം ഉയർത്തിപ്പിടിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റിക്ക് എതിരെയാണെന്ന് വ്യപാക വിമർശനവും ഉയർന്നു.ഈ സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറി തന്നെ ഇ പിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെതിരായ 'ബിൻ ലാദൻ' പരാമർശത്തിൽ എം വി ജയരാജനോട് കാര്യങ്ങൾ തിരക്കിയെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. ഇത് വംശീയ പരാമർശമല്ല. പ്രസംഗത്തിനിടയിൽ പറഞ്ഞ് പോയതാണ്.

എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനുമായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിട്ടും വനിത സംവരണ ബിൽ കേന്ദ്രം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ല. പാർട്ടി അല്ല ആക്രമിക്കുന്നത്. സൈബർ ആക്രമണങ്ങൾക്ക് പിന്തുണയില്ല. പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.