ചെന്നൈ: നാല് വർഷത്തിനു ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ തീർത്ത ആവേശത്തിലാണ് ആരാധകർ. രാജ്യത്തിന് അകത്തും പുറത്തും കിങ് ഖാന്റെ ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടെ തെന്നിന്ത്യൻ താരറാണിയായ നയൻതാരയെ കാണാൻ നടിയുടെ ചെന്നൈയിലെ വസതിയിലെത്തിയിരിക്കുകയാണ് ബോളിവുഡ് താരം. ഷാരൂഖ് ഖാനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന 'ജവാൻ' എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെന്നിന്ത്യൻ സൂപ്പർ നായികയായ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. ജവാന്റെ ചിത്രീകരണത്തിനിടയിലായിരുന്നു നയൻതാരയുടെ വിവാഹവും ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നായകനുമായി അടുത്ത ബന്ധമാണ് നയൻതാരയ്ക്കുള്ളത്.

അര മണിക്കൂറോളം ഷാരൂഖ് ഖാൻ നയൻതാരയുടെ വസതിയിൽ ചെലവഴിച്ചിരുന്നു. നയൻതാരയെയും ഭർത്താവ് വിഘ്‌നേഷിനെയും ഇവരുടെ ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. താരം പുറത്തിറങ്ങിയതോടെ ആരാധകർ ചുറ്റുംകൂടി. സെൽഫിയെടുക്കാനും കാണാനുമായി ആരാധകർ തിരക്ക് കൂട്ടുന്നതിനിടെ ഷാരൂഖ് ഖാൻ നയൻതാരയോട് യാത്ര പറഞ്ഞ് കാറിൽ കയറി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം, ജവാന്റെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി മുതലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരങ്ങൾ. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റർടൈന്മെന്റ് ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്.