- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ലാൽകൃഷ്ണ വിരാടിയാരാവാൻ സുരേഷ് ഗോപി; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഷാജി കൈലാസ്
തിരുവനന്തപുരം:ലാൽകൃഷ്ണ വിരാടിയാർ എന്ന വക്കീൽ കഥാപാത്രമായി എത്തി സുരേഷ് ഗോപി ആരാധകരെ അമ്പരപ്പിച്ച ചിത്രമാണ് ചിന്താമണി കൊലക്കേസ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി എത്തിയ ചിത്രം വൻ വിജയമായി. ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. സംവിധായകൻ ഷാജി കൈലാസാണ് പ്രഖ്യാപനവുമായി എത്തിയത്. പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
അലമാരയിൽ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റർ. ലാൽകൃഷ്ണ വിരാടിയാർ എന്നതിന്റെ ചുരുക്കമായ എൽകെ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ''ഞങ്ങൾ മുന്നോട്ട്'' എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റർ പങ്കുവച്ചത്. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ എകെ സാജൻ തന്നെയാണ് രണ്ടാം ഭാഗത്തിനുവേണ്ടിയും കഥ എഴുതുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കുറ്റവാളികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനാണ് സിനിമയിലെ ലാൽകൃഷ്ണ വിരാടിയാർ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഭാവന, തിലകൻ, ബിജു മേനോൻ, കലാഭവൻ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തെലുങ്കിൽ 'മഹാലക്ഷ്മി' എന്ന പേരിലും തമിഴിൽ 'എല്ലാം അവൻ സെയ്യാൽ' എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ