അമ്മയാകാനുള്ള കാത്തിരിപ്പിന്റെ സന്തോഷങ്ങളിലാണ് നടി ഷംനകാസിം.പ്രഗ്നനൻസി സമയത്തെ ഒരോ ചടങ്ങളുകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽക്കൂടി ഷംന പങ്കുവെക്കാറുണ്ട്.പ്രഗ്‌നൻസിയുടെ ഏഴാം മാസത്തിൽ നടത്തുന്ന ബേബി ഷവറിന്റെ ചിത്രങ്ങളും മറ്റും ഷംന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത് വൈറലാവുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് പലവിധ ഊഹാപോഹങ്ങളും ചർച്ചകളും സമൂഹമാധ്യമത്തിൽ നിറഞ്ഞത്.വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവർ എന്ന തരത്തിൽ ചില വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു.ഒക്ടോബർ അവസാനമാണ് ഷംന വിവാഹിതായ വാർത്ത പുറത്തെത്തിയിരുന്നത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു വാർത്തയുടെ തലക്കെട്ടുകൾ.

ഇപ്പോഴിതാ ഇത്തരം വിവാദങ്ങളിലും സംശയങ്ങളിലും പ്രതികരണം അറിയിച്ചിരിക്കുകയാണ് ഷംന കാസിം. വിവാഹത്തിന് മുൻപ് തന്റെ നിക്കാഹ് നടന്നത് ജൂൺ 12 ന് ആണെന്ന് പറയുന്നു ഷംന. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംനയുടെ പ്രതികരണം.

ഷംന കാസിമിന്റെ പ്രതികരണം ഇങ്ങനെ..

'കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നിക്കാഹ് നടന്നത് ജൂൺ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാൽ ചില ആളുകൾ രണ്ടായി താമസിക്കും. ചിലർ ഒരുമിച്ച് ആവും കഴിയുക. ഞങ്ങൾ നിക്കാഹിനു ശേഷം ലിവിങ് ടുഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാൻ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നു.

3-4 സിനിമകൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാൽത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറിൽ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോൾ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്.

പ്രഗ്‌നൻസി സമയത്ത് വർക്ക് ചെയ്ത സിനിമകളിലൊന്നാണ് മാർച്ച് 30 ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രം ഡെവിൾ. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാൻ നാല് മാസം ഗർഭിണി ആയിരുന്നു. ഡി 14, ശ്രീദേവി ഡ്രാമ കമ്പനി എന്നീ ടെലിവിഷൻ പരിപാടികളുടെ ഷൂട്ടിംഗും ആ സമയത്ത് ചെയ്തു.'